തൊടുപുഴ: ഗതാഗതനിയമ ലംഘനങ്ങളുമായി നിരത്തിലിറങ്ങിയ നാൽപതോളം ഇരുചക്രവാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് കൈയോടെ പിടികൂടി. രൂപമാറ്റം വരുത്തുക, നമ്പർപ്ലേറ്റ് മറച്ച് ഓടിക്കുക, സൈലൻസർ മാറ്റിവെച്ച് ഓടിക്കുക, റേസിങ് എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ പിടികൂടുന്നതിനായി നടത്തിയ പരിശോധനയിലാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്രയധികം കേസുകൾ പിടികൂടിയത്. ഒന്നരലക്ഷം രൂപ ഇവരിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. അപകടങ്ങൾ കുറക്കുന്നതിെൻറ ഭാഗമായി റേസ് പേരിൽ നടത്തിയ സ്പെഷൽ ഡ്രൈവിെൻറ ഭാഗമായാണ് നടപടി.
വണ്ടി പൂർവസ്ഥിതിയിലാക്കി അന്വേഷണ ഉദ്യോഗസ്ഥരെ കാണിച്ച് പിഴയീടാക്കണം. ലൈസൻസില്ലാതെ വാഹനമോടിച്ചവർക്ക് 10,000 രൂപ പിഴയീടാക്കും. മറ്റ് നിയമലംഘനങ്ങൾക്ക് നിയമാനുസൃതമായ പിഴകൾ ഈടാക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസീർ പറഞ്ഞു. നമ്പർ പ്ലേറ്റ് വ്യക്തമായി ഘടിപ്പിക്കാത്ത വാഹനങ്ങൾക്ക് 3000 രൂപയും റേസിങ്ങിന് 5000, രൂപമാറ്റത്തിന് 5000 എന്നിങ്ങനെയാണ് പിഴ.
നമ്പർപ്ലേറ്റ് മടക്കിയും അഴിച്ചുവെച്ചും പാച്ചിൽ
പരിശോധനക്കിടെ ബൈക്കുകൾ നമ്പർപ്ലേറ്റ് മടക്കിയും അഴിച്ചുവെച്ചുമാണ് പലരും ഓടിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനാൽ ഫോട്ടോയെടുത്താൽപോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനൊപ്പം ഇൻഡിക്കേറ്റർ, ഇരുവശത്തെയും കണ്ണാടി, മഡ്ഗാർഡ് എന്നിവയും അഴിച്ചുമാറ്റിയിരുന്നു. വാഹനങ്ങൾ വാങ്ങുമ്പോഴുണ്ടായിരുന്ന മുഴുവൻ സുരക്ഷാസംവിധാനങ്ങളും നീക്കിയാണ് നിരത്തിലൂടെ ബൈക്കുകൾ പാഞ്ഞിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബൈക്കുമായി പിടികൂടിയവരെല്ലാം യുവാക്കളുമാണ്. ആഡംബര ബൈക്കുകൾ അപകടത്തിന് ഇടയാക്കുന്ന സാഹചര്യത്തിൽ ഇത്തരക്കാരെ പിടികൂടാനാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത്. ഗുരുതര നിയമലംഘനങ്ങളുമായി പിടികൂടുന്നവരുടെ രജിസ്ട്രേഷൻ ഒരു വർഷം റദ്ദുചെയ്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുക്കാൻ കഴിയും. വാഹനമോടിച്ച വിദ്യാർഥിയുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കും.
ജില്ലയിൽ ഹൈറേഞ്ചിലടക്കം റേസിങ് ബൈക്കുകൾ ചീറിപ്പായുന്ന സാഹചര്യമാണ്.കൂടുതലും ആൾക്കൂട്ടത്തിനിടയിലാണ് ഇത്തരക്കാരുടെ പ്രകടനം. രൂപമാറ്റം വരുത്തിയ ആഡംബര വാഹനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ ഹരമാക്കി മാറ്റിയ സംഘങ്ങൾ നിരത്തുകളിൽ സജീവമാണ്. തിരക്ക് കുറഞ്ഞ ബൈപാസുകളാണ് റേസിങ്ങിന് തെരഞ്ഞെടുക്കുക. വൻ തുക പന്തയംവെച്ച് വിനോദങ്ങളിൽ ഏർപ്പെടുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.