തൊടുപുഴ: സംസ്ഥാന ബജറ്റിനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇടുക്കി ജില്ലക്ക് സന്തോഷവും സങ്കടവും. ജില്ലക്ക് നഴ്സിങ് കോളജും വികസന പാക്കേജിന്റെ ഭാഗമായി 75 കോടിയും അനുവദിച്ചു. കൃഷി, ടൂറിസം മേഖലകളിൽ നിരാശ മാത്രം ബാക്കിയായി.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിൽ നിലവിൽ ഒമ്പത് നഴ്സിങ് കോളജുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി അഞ്ച് നഴ്സിങ് കോളജുകൾ പ്രഖ്യാപിച്ചപ്പോൾ അതിൽ ഒന്ന് ഇടുക്കിക്കായി. കാസർകോട്, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് മറ്റ് നാല് നഴ്സിങ് കോളജുകൾ വരുന്നത്.
കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിലെ വികസന പാക്കേജുകൾക്ക് 75 കോടി വീതം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ നിലവിലുള്ള വികസന പരിപാടികൾക്ക് പുറമെയാണ് ഈ തുക. ജില്ലയുടെ മൊത്തം വികസനത്തിനായി ലഭിച്ച ഈ തുക വളരെ കുറഞ്ഞുപോയി. മാങ്കുളം ഗ്രാമപഞ്ചായത്തിൽ 40 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പുതിയ ജലവൈദ്യുത പദ്ധതിക്കായി എട്ടു കോടി വകയിരുത്തിയതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. പി.എസ്.സിക്ക് സ്വന്തമായി ജില്ല ആസ്ഥാനം പണിയാൻ തുക അനുവദിച്ചിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകൾക്ക് മൊത്തമായി 5.24 കോടിയാണ് നീക്കിവെച്ചത്. ഇടുക്കി ഡാമിന്റെ പ്രതലം സ്ക്രീനായി ഉപയോഗിച്ച് വിപുലമായ ലേസർ ലൈറ്റ് ആന്റ് സൗണ്ട് ഷോ ഉൾപ്പെടെ നടത്താൻ കഴിയുന്ന ടൂറിസം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. വിശദമായ പദ്ധതി രൂപപ്പെടുത്താനുള്ള സഹായം എന്ന നിലയിൽ അഞ്ച് കോടി വകയിരുത്തി.
എയർസ്ട്രിപ് സ്ഥാപിക്കാൻ ഇ ടുക്കി ജില്ലക്ക് 1.96 കോടി അനുവദിച്ചിട്ടുണ്ട്. നിലവിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന മൂന്നാറിലെ തൊഴിൽ- തോട്ടം മേഖലകളിലെ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിനായി തൊഴിൽ സമുച്ചയം പണികഴിപ്പിക്കും. ഇതിന് 60 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ദീർഘകാലമായി തോട്ടം തൊഴിലാളികൾ ഉന്നയിച്ചുപോന്ന ആവശ്യമാണിത്.
തോട്ടം മേഖലയിലെ തൊഴിലാളികളുടെ ലയങ്ങൾ നവീകരിക്കുന്ന പദ്ധതികൾക്കായി സംസ്ഥാനത്താകെ 10 കോടിയാണ് വകയിരുത്തിയത്. ഏറ്റവും കൂടുതൽ തോട്ടം തൊഴിലാളികളുള്ള ഇടുക്കിയിലെ തൊഴിലാളികളുടെ ഏറെക്കാലമായ ആവശ്യം പൂർത്തീകരിക്കാൻ ഈ തുക അപര്യാപ്തമാണ്.
തോട്ടം തൊഴിലാളികളുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവെച്ചതാകട്ടെ വെറും 1.10 കോടിയാണ്. പാമ്പാർ തടത്തിലെ ചെങ്കളാർ പദ്ധതിയുടെ ഭാഗമായ പട്ടിശ്ശേരി ഡാമിന്റെയും കനാൽ സംവിധാനത്തിന്റെയും പുനർനിർമാണത്തിനായി 14 കോടി വകയിരുത്തി.
തലച്ചൂർ കടവിൽ തടയണയും ഫോർബേയും നിർമിക്കാനും, തലച്ചൂർ കടവിൽ നിന്ന് പട്ടിശ്ശേരി ഡാമിലേക്കുള്ള ചെങ്കളാർ പദ്ധതിയുടെ ഡൈവെർഷനും, പട്ടിശ്ശേരി ഡാമിൽ സുരക്ഷാ വേലി ഉൾപ്പെടെ റിങ് റോഡ് നിർമിക്കുന്നതിനുമായി പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 10 കോടിയാണ് വകയിരുത്തിയത്.
ജില്ലയിലെ കാര്‍ഷിക - ടൂറിസം മേഖലക്ക് നല്ല നിലയിൽ പുരോഗതി കൈവരിക്കാന്‍ സഹായകരമാകുന്ന ബജറ്റാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്. കാര്‍ഷിക രംഗത്ത് സുഗന്ധവ്യഞ്ജന കൃഷി പ്രോത്സാഹിപ്പിക്കാൻ തുക വക കൊള്ളിച്ചത് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണ്.
ടൂറിസം രംഗത്ത് ജില്ലക്ക് വലിയ പരിഗണന ലഭിച്ചു. ഇടുക്കി ഡാം കേന്ദ്രമാക്കിയുള്ള വിപുലമായ ടൂറിസം പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. ഇതുവഴി കേരളത്തിലെ ടൂറിസത്തിന്റെ ഹബ് ആയി ഇടുക്കി മാറും. ചെറുതോണി കെ.എസ്.ആര്.ടി.സി സബ് ഡിപ്പോക്ക് കെട്ടിടം നിര്‍മിക്കാൻ അഞ്ച് കോടിഅനുവദിച്ചത് ജില്ല ആസ്ഥാനത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ ഏറെ പ്രയോജനകരമാകും. എടുത്തു പറയേണ്ട മറ്റൊരു പ്രഖ്യാപനം ഇടുക്കി എയര്‍ സ്ട്രിപ്പാണ്. ഇടുക്കി ജില്ല ആസ്ഥാനത്താണ് പുതിയ എയര്‍ സ്ട്രിപ്പ് നിര്‍മിക്കുക.
കട്ടപ്പനയില്‍ പി.എസ്.സി ജില്ല ആസ്ഥാന മന്ദിരം നിര്‍മിക്കുന്നതിന് ബജറ്റില്‍ അധിക ഫണ്ട് വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം കട്ടപ്പന ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് കെട്ടിട നിര്‍മാണത്തിനായി നാല് കോടി രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് 48.85 കോടി രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. വൈദ്യുതി വേലി അടക്കം സംവിധാനങ്ങള്‍ ഒരുക്കാൻ ഈ തുക സഹായകമാകുമെന്നും മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.