തൊടുപുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷ പരിശോധന കർശനമാക്കുന്നതിന്‍റെ ഭാഗമായി സഞ്ചരിക്കുന്ന ലബോറട്ടറി പ്രവർത്തനം തുടങ്ങി. കുടിക്കുന്ന വെള്ളത്തിലും പാലിലും കഴിക്കുന്ന എണ്ണയിലും മറ്റ് ഭക്ഷ്യവസ്തുക്കളിലും മായം കലർന്നിട്ടുണ്ടോ എന്ന് ഇനി നാട്ടിലെത്തുന്ന മൊബൈൽ ലാബിൽ പരിശോധിച്ചറിയാം. കഴിഞ്ഞദിവസം ആറ് ജില്ലകൾക്കായി ഉദ്ഘാടനം ചെയ്ത മൊബൈൽ ലാബിലൊന്നാണ് ഇടുക്കിയിലെത്തിയത്. മീനും പാലുമടക്കം ഭക്ഷ്യവസ്തുക്കൾ ധാരാളമായി അതിർത്തി കടന്നെത്തുന്ന ജില്ലയിൽ ലാബിന്‍റെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടും.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുമായി (എഫ്.എസ്.എസ്.എ) ചേർന്ന് സംസ്ഥാന സർക്കാർ സജ്ജമാക്കിയ ലാബിൽ പാൽ, വെള്ളം, എണ്ണ തുടങ്ങിയവയുടെ പ്രാഥമിക പരിശോധനക്കുള്ള സംവിധാനമാണുള്ളത്. സാമ്പിളിൽ മായമോ കൃത്രിമ നിറങ്ങളോ ചേർത്തതായി കണ്ടെത്തിയാൽ വിശദ പരിശോധനക്ക് ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ റീജനൽ ലാബിലേക്ക് അയക്കും.
ഭക്ഷ്യവസ്തുക്കളിൽ എങ്ങനെ മായം കണ്ടെത്താം എന്നതിനെക്കുറിച്ച് മൊബൈൽ ലാബിന്‍റെ സഹായത്തോടെ റെസിഡൻസ് അസോസിയേഷനുകൾ, സ്കൂളുകൾ, കോളജുകൾ, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ബോധവത്കരണവും പരിശീലനവും സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്ന് ജില്ല അസി. ഭക്ഷ്യ സുരക്ഷ കമീഷണർ എം.ടി. ബേബിച്ചൻ പറഞ്ഞു. അംഗൻവാടി, കുടുംബശ്രീ പ്രവർത്തകരെയും പരിശീലനത്തിൽ ഉൾപ്പെടുത്തും.
ജില്ലയിൽ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല, ഇടുക്കി എന്നിങ്ങനെ അഞ്ച് ഭക്ഷ്യസുരക്ഷ സർക്കിളുകളാണ് ഉള്ളത്. ഓരോ സർക്കിളിലും മൊബൈൽ ലാബ് എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. മായം സംശയിക്കുന്ന സാമ്പിളുകൾ ആളുകൾക്ക് ലാബിൽ എത്തിച്ച് പരിശോധിക്കാം. രാവിലെ ഒമ്പതര മുതൽ വൈകീട്ട് അഞ്ചര വരെയാകും പ്രവർത്തനം. ഒരു ടെക്നിക്കൽ അസി., ഒരു ലാബ് അസി., ഒരു ഡ്രൈവർ എന്നിവരാണ് ലാബിൽ ഉണ്ടാവുക. സംസ്ഥാനത്തെ മൊബൈൽ ലാബുകളെ ഡെപ്യൂട്ടി ഭക്ഷ്യസുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ ജി.പി.എസ് വഴി നിരീക്ഷിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.