തൊടുപുഴ: ജില്ലയിലെ ഏത്തവാഴ കർഷകരെ പ്രതിസന്ധിയിലാക്കി നേന്ത്രക്കായക്ക് വൻ വിലയിടിവ്. കിലോക്ക് 40 രൂപ പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷകർ പറയുന്നു. തമിഴ്നാട്ടിൽനിന്നു വൻതോതിൽ ഏത്തക്കുലകൾ എത്തുന്നതാണ് വിലത്തകർച്ചക്ക് മുഖ്യകാരണമായി പറയപ്പെടുന്നത്.
ഇവിടെ ഉൽപാദിപ്പിക്കുന്നതിനേക്കാൾ ഗുണനിലവാരം കുറഞ്ഞ ഏത്തക്കുലകളാണ് തമിഴ്നാട്ടിൽനിന്ന് എത്തുന്നത്. എന്നാൽ, വിലക്കുറവിൽ ലഭിക്കുമെന്നതിനാൽ വ്യാപാരികൾ ഇത് കൂടുതലായി വാങ്ങുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടം സഹിച്ചും ഇവിടത്തെ കർഷകർക്ക് തുച്ഛവിലയിൽ കുല വിൽക്കേണ്ടി വരുന്നത്. ഓണക്കാലത്തുപോലും നേന്ത്രക്കായക്ക് മികച്ച വില ലഭിക്കാതിരുന്നത് കർഷകർക്ക് കനത്ത തിരിച്ചടിയായി. വൻതോതിൽ നേന്ത്രക്കായ വിൽപന നടന്ന ഓണം സീസണിലും കിലോക്ക് 40 രൂപയാണ് കർഷകർക്ക് ലഭിച്ചത്.
നിലവിൽ 32 മുതൽ 36 രൂപ വരെയാണ് കിലോക്ക് കർഷകർക്ക് ലഭിക്കുന്നത്. നേരത്തേ 70-80 രൂപ വരെ വില വന്നിരുന്ന സ്ഥാനത്താണ് ഇത്തരത്തിൽ കൂപ്പുകുത്തിയത്. ഏറെ പരിചരണം ആവശ്യമായി വരുന്ന കൃഷിയെന്ന നിലയിൽ വാഴക്ക് കൃഷിച്ചെലവുകളും ഏറെയാണെന്ന് കർഷകർ പറയുന്നു.
അതിനാൽ നഷ്ടം സഹിച്ചാണ് പലരും ഏത്തവാഴ കൃഷി ചെയ്യുന്നത്. ഭൂമി പാട്ടത്തിനെടുത്തും മറ്റും കൃഷി ചെയ്യുന്നവരാണ് കൂടുതൽ ദുരിതത്തിലായത്. കടകളിലും കാർഷിക വിപണികളിലുമാണ് ഏത്തക്കുലകൾ കർഷകർ വിൽപന നടത്തുന്നത്. ഇവിടെയെല്ലാം തന്നെ കുറഞ്ഞ വിലയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇതിലും കുറഞ്ഞ വിലയിൽ തമിഴ്നാട് നേന്ത്രക്കായ ലഭിക്കുന്നതിനാൽ കൂടുതൽ വില നൽകി പ്രാദേശിക കർഷകരുടെ ഉൽപന്നം എന്തിന് വാങ്ങണമെന്നാണ് വ്യാപാരികളുടെ നിലപാട്. തമിഴ്നാട്ടിലെ മേട്ടുപാളയം, കർണാടകയിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നെല്ലാം വലിയ തോതിൽ ഏത്തക്കായ് ഇവിടേക്ക് എത്തുന്നുണ്ട്. പ്രതിസന്ധികളെ അതിജീവിച്ചാണ് കർഷകർ ഏത്തവാഴ കൃഷി ചെയ്യുന്നത്. നടുന്നതു മുതൽ വിളവെടുക്കുന്നതു വരെ വാഴക്ക് പരിചരണവും സംരക്ഷണവും ആവശ്യമാണ്. മറ്റ് കൃഷികളെ അപേക്ഷിച്ച് കൃത്യമായ ജലസേചനവും വളപ്രയോഗങ്ങളും ഉണ്ടെങ്കിൽ മാത്രമേ മികച്ച വിളവു ലഭിക്കൂ. പലപ്പോഴും കാലവർഷക്കെടുതികളും വേനലും കൃഷിയെ പ്രതികൂലമായി ബാധിക്കും. വേനൽക്കാലങ്ങളിൽ ജലസേചനം കൃത്യമായി നൽകണം. വിളവെടുപ്പിന് പാകമെത്തും മുമ്പ് ശക്തമായ കാറ്റിൽ വാഴകൾ നിലംപൊത്തുന്നതും രോഗബാധയെത്തുടർന്ന് ഇല കരിഞ്ഞും തണ്ടുകൾ ഒടിഞ്ഞും നശിക്കുന്നതും പതിവ്.
വാഴകൃഷിക്കായി കൃഷിഭവൻ വഴി സബ്സിഡിക്കായി അപേക്ഷ സ്വീകരിക്കാറുണ്ടെങ്കിലും ഇതെല്ലാം നാമമാത്രമാണ്. പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് ലഭിക്കുന്ന നഷ്ടപരിഹാരവും തുച്ഛം. ഇതും ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം മാത്രമാണ് ലഭിക്കുന്നത്. വാഴ ഇൻഷുർ ചെയ്യുന്ന കർഷകർക്ക് കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം ലഭിക്കും. എല്ലാ വർഷവും കൃഷി ഇൻഷുർ ചെയ്യുക എന്നത് സാധാരണ കർഷകരെ സംബന്ധിച്ച് ബുദ്ധിമുട്ടാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കർഷകർ നൽകുന്ന നേന്ത്രക്കുലകൾക്ക് കുറഞ്ഞ വിലയാണ് ലഭിക്കുന്നതെങ്കിലും വിപണിയിൽ നേന്ത്രപ്പഴത്തിനും ഉപ്പേരിക്കും വിലയിൽ കുറവില്ല. കടകളിൽ നേന്ത്രപ്പഴം കിലോക്ക് 50 രൂപ മുതൽ വില നൽകണം. 400 മുതൽ 420 വരെയാണ് ഒരു കിലോ നേന്ത്രക്ക ഉപ്പേരിയുടെ വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.