തൊടുപുഴ: ഫണ്ടില്ലാത്തതിനെത്തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച മോേട്ടാർ വാഹന വകുപ്പിെൻറ 'സേഫ് സോൺ' പദ്ധതി പുനരാരംഭിക്കാനുള്ള തീരുമാനം അവസാന നിമിഷം ഉപേക്ഷിച്ചു. ഫണ്ടില്ലെന്ന കാരണത്താൽ ശബരിമല തീർഥാടകർക്ക് ദേശീയ പാതയിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്ന പദ്ധതി ഇതോടെ വീണ്ടും അനിശ്ചിതത്വത്തിലായി. പദ്ധതി ഇനി പുനരാരംഭിക്കാനാകുമോയെന്നും ഉറപ്പില്ല.
ശബരിമല തീർഥാടന കാലമായതോടെ മുൻവർഷങ്ങളിലേതുപോലെ ജനുവരി 20വരെ തുടരാൻ ലക്ഷ്യമിട്ടാണ് കുമളി-മുണ്ടക്കയം റൂട്ടിൽ 'സേഫ് സോൺ' തുടങ്ങിയത്. കയറ്റവും വളവും കൊക്കയും നിറഞ്ഞ വഴികളിലൂടെ അയ്യപ്പഭക്തരുമായി എത്തുന്ന സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർക്ക് ആവശ്യമായ മാർഗനിർദേശം നൽകുക, കേടാകുന്ന വാഹനങ്ങൾ നന്നാക്കാൻ സഹായമെത്തിക്കുക, അപകടമുണ്ടായാൽ അടിയന്തര രക്ഷാപ്രവർത്തനം നടത്തുക, വൈദ്യസഹായം ലഭ്യമാക്കുക, റോഡപകടങ്ങൾ ഇല്ലാതാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. എല്ലാ വർഷവും മുൻകൂറായോ പദ്ധതി തുടങ്ങിയ ഉടനെയോ ഗതാഗത വകുപ്പ് ഇതിന് ഫണ്ട് അനുവദിച്ചിരുന്നു. ഇത്തവണയും 65 ലക്ഷം രൂപ അനുചവദിച്ചെങ്കിലും ചീഫ് സെക്രട്ടറി ചെക്ക് ഒപ്പിടാത്തതിനാൽ ആവശ്യമായ പണം കിട്ടിയില്ല. ഇതോടെ, പദ്ധതി പ്രതിസന്ധിയിലായി.
പട്രോളിങ് നടത്തുന്ന വാഹനങ്ങൾക്ക് ഇന്ധനം വാങ്ങിയ ഇനത്തിൽ പമ്പുകൾക്ക് ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്. ഡ്രൈവർമാരുടെ ശമ്പളം, ജീവനക്കാർക്ക് കുട്ടിക്കാനത്തെ പൊലീസ് ക്യാമ്പിൽനിന്ന് ഭക്ഷണംവാങ്ങി നൽകിയ തുക എന്നിവയും കുടിശ്ശികയാണ്.
കുടിശ്ശിക തീർക്കാതെ ഡീസലും ഭക്ഷണവും ഡ്രൈവർമാരെയും കിട്ടില്ലെന്ന അവസ്ഥയായപ്പോഴാണ് കഴിഞ്ഞ ഒമ്പതിന് പദ്ധതി നിർത്തിവെച്ചത്. ഇതോടെ, ഇൗ റൂട്ടിൽ അപകടങ്ങളും പതിവായി. ഒരാഴ്ചക്കിടെയുണ്ടായ അപകടങ്ങളിൽ രണ്ട് തീർഥാടകർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ബുധനാഴ്ച പദ്ധതി പുനരാരംഭിക്കണമെന്നും ചൊവ്വാഴ്ച കുട്ടിക്കാനത്തെത്തിയ ദക്ഷിണമേഖല ഡെപ്യൂട്ടി ഗതാഗത കമീഷണർ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് ഡ്രൈവർമാരെ തിരിച്ചുവിളിക്കുകയും മറ്റ് ഒരുക്കം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ, അനുവദിച്ച തുക വളരെ തുച്ഛമാണെന്നും പദ്ധതി പുനരാരംഭിക്കാനാവില്ലെന്നും രാത്രിയോടെ നോഡൽ ഒാഫിസറുടെ അറിയിപ്പെത്തി. 2010ൽ ആരംഭിച്ച പദ്ധതി ഫണ്ടില്ലാത്തതിനാൽ നിലക്കുന്നത് ഇതാദ്യമാണ്. അധിക ആനുകൂല്യങ്ങളില്ലാതെ പദ്ധതിക്കായി ജോലിചെയ്യാൻ തയാറാണെന്നും ഫണ്ടില്ലാത്തത് മാത്രമാണ് തടസ്സമെന്നും ജില്ലയിലെ മോേട്ടാർ വാഹന ഉദ്യോഗസ്ഥർ പറയുന്നു. അനുവദിക്കുന്ന തുക ബാക്കിവന്നാൽ കൃത്യമായി തിരിച്ചടക്കാറുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ 65 ലക്ഷം രൂപ അനുവദിക്കാനാവില്ലെന്ന ചില ഉദ്യോഗസ്ഥരുടെ കടുംപിടിത്തമാണ് പദ്ധതിക്ക് തിരിച്ചടിയായതെന്നും അറിയുന്നു.
ഫണ്ട് അനുവദിച്ചു –മന്ത്രി ആൻറണി രാജു
സേഫ് സോൺ പദ്ധതിക്ക് ചൊവ്വാഴ്ച വൈകിേട്ടാടെ ഫണ്ട് അനുവദിച്ചെന്ന് ഗതാഗത മന്ത്രി ആൻറണി രാജു 'മാധ്യമ'ത്തോട് പറഞ്ഞു. വൻ തുക കുടിശ്ശിക ഉള്ളതായോ അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നോ ഉള്ള പരാതി മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പദ്ധതി ഇനിയും പുനരാരംഭിക്കാത്തതിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.