തൊടുപുഴ: മൂന്നു വർഷം മുമ്പ് കൊക്കയാറിലും കുടയത്തൂരിലും ഉരുൾപൊട്ടിയപ്പോൾ മണ്ണിനടിയിൽ പൊലിഞ്ഞ മനുഷ്യരുടെ ജീവനറ്റ ശരീരങ്ങൾ കണ്ടെത്താൻ സഹായിച്ചത് എയ്ഞ്ചൽ എന്ന ബെല്‍ജിയം മെനോയിസ് ഇനത്തില്‍പ്പെട്ട മിടുമിടുക്കിയായിരുന്നു. പെട്ടിമുടി, മൂലമറ്റം, കുടയത്തൂര്‍ പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിർണായക പങ്കുവഹിച്ചത് ഡോണയാണ്. കുറ്റാന്വേഷണത്തില്‍ ലോക്കല്‍ പൊലീസിനെ ഏറ്റവും കൂടുതൽ സഹായിക്കുന്ന കക്ഷി എസ്തേറാണ്.
ഇവരെല്ലാം ഇടുക്കി ജില്ല പൊലീസിന്റെ കെ 9 സ്ക്വാഡ് എന്നറിയപ്പെടുന്ന ശ്വാനസേനയിലെ സമർഥരാണ്. സംഘത്തിലെ ട്രാക്കര്‍ നായയായ എസ്തേര്‍ ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ടതാണ്. കുട്ടിക്കാനത്തെ ഒഡിഷ യുവതിയുടെ കൊലപാതകത്തിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊക്കിയിട്ടുണ്ട് എസ്തർ. സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിലാണ് ലാബ് ഇനത്തിൽ പെട്ട ചന്തുവിന്റെ മിടുക്ക്.
സ്ക്വാഡിലെ വി.ഐ.പി ഡ്യൂട്ടിക്കാരനുമാണ് കക്ഷി. കേരള പൊലീസിലെ തന്നെ ആദ്യ നാര്‍ക്കോട്ടിക് ഡിറ്റക്ടിങ് നായയാണ് നീലി. രണ്ടുതവണ അഖിലേന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റില്‍ പങ്കെടുത്തിട്ടുണ്ട്. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ നിന്ന് പരിശീലനം ലഭിച്ച ലൈക്ക കഞ്ചാവ് കണ്ടെത്തുന്നതില്‍ വിദഗ്ധയാണ്. ബിഗില്‍ ഇനത്തില്‍പ്പെട്ട ഡോളിക്ക് സ്ഫോടക വസ്തുക്കള്‍ മണത്തറിയാനാണ് താൽപര്യം.
മോഷണം, കൊലപാതകം തുടങ്ങിയ കേസുകളില്‍ ലോക്കല്‍ പൊലീസിനെ സഹായിക്കുന്ന ജൂനോയാണ് സ്ക്വാഡിലെ ഇളമുറക്കാരൻ. ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്പ്പെട്ടയാളാണ് ജൂനോ. മാഗി ഓള് ഇന്ത്യാ പൊലീസ് ഡ്യൂട്ടിക്കായി ഭോപ്പാലിലാണ്. ഒരാൾ കൂടി ഈ സ്ക്വാഡിലേക്ക് എത്താനുണ്ട്.
38 വർഷം മുമ്പ് ആരംഭിച്ച ജില്ല ശ്വാന സ്ക്വാഡിന് ഇപ്പോഴാണ് സ്വന്തമായി ആസ്ഥാനമാകുന്നത്. കുയിലിമല എ.ആർ ക്യാമ്പിന് സമീപം 82 ലക്ഷം ചെലവിൽ 3100 ചതുരശ്ര അടിയിൽ പണികഴിപ്പിച്ച പുതിയ ആസ്ഥാന മന്ദിരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
ആധുനിക നിലവാരത്തിലുള്ള കൂടുകളാണ് ഇവര്‍ക്കായി പുതിയ മന്ദിരത്തില്‍ ഒരുക്കിയത്. രണ്ട് നേരം ഫെര്‍മിന എന്ന ഡ്രൈ ഫുഡ് ആണ് ഭക്ഷണം. പിന്നെ ആവശ്യത്തിന് വെള്ളവും. സ്ക്വാഡില്‍ ഭൂരിപക്ഷം ലാബ്രഡോര്‍ റിട്രിവാര് വിഭാഗമാണ്.
മാഗിയുടെ പരിശീലന ചുമതല ജില്ലയിലെ എക വനിത ഹാന്‍ഡ്ലറായ എ.എസ്.ഐ ബിന്ദുവിനാണ്. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള കെ 9 സ്ക്വാഡിന്റെ ചുമതല നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പയസ് ജോര്‍ജിനാണ്. കെ.എ.പി അസി. കമാന്‍ഡൻഡ് പി.ഒ റോയി, റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ റോയ് തോമസ് എന്നിവരാണ് സ്ക്വാഡിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. സ്ക്വാഡിലെ ഓരോ നായ്ക്കും രണ്ട് പരിശീലകർ വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.