തൊടുപുഴ: ലഹരിസംഘങ്ങളുടെ താവളമായി തൊടുപുഴ നഗരവും സമീപ മേഖലകളും. എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കൾ പിടികൂടുന്ന കേസുകളിൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് തൊടുപുഴ. കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യാത്ത ദിവസം ഇല്ലെന്ന സ്ഥിതിയാണ് ഇപ്പോൾ നഗരത്തിലും സമീപ പ്രദേശങ്ങളിലും. പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കുമ്പോഴും ഇവയുടെ വിൽപനയും കടത്തും തുടരുകയാണ്.
രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച രാത്രി കുമ്മംകല്ലിൽ പ്രതി താമസിക്കുന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരം പിടിച്ചെടുത്തത്. മുട്ടം മലങ്കര ഡാം ഭാഗത്തുനിന്ന് 11.3ഗ്രാം എം.ഡി.എം.എയുമായി നാല് യുവാക്കൾ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇതേ ദിവസംതന്നെ വണ്ണപ്പുറത്ത് 860 മില്ലിഗ്രാം എം.ഡി.എം.എയും 35 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. എം.ഡി.എം.എയും കഞ്ചാവും വിൽപന നടത്തിവന്ന മൂന്നംഗ സംഘത്തെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തുനിന്ന് എക്സൈസ് പിടികൂടിയത് കഴിഞ്ഞയാഴ്ചയാണ്.
2.5 ഗ്രാം എം.ഡി.എം.എ, 50 ഗ്രാം ഉണക്ക കഞ്ചാവ് എന്നിവ ഇവരുടെ പക്കൽനിന്ന് പിടികൂടി. അന്തർ സംസ്ഥാന വ്യാപാരിയുടെ മുറിയിൽനിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിൽ അസം സ്വദേശി അസറിനെ (25) അറസ്റ്റ് ചെയ്തു.കഞ്ചാവും ഹഷീഷ് ഓയിലും കടന്ന് ഇപ്പോൾ എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗം യുവാക്കൾക്കിടയിൽ കൂടിവരുന്നതായി എക്സൈസ് പറയുന്നു.
ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. ലഹരിക്കൊപ്പം കൂടുതൽ പണവും ലഭിക്കുമെന്നതാണ് അവരെ പ്രധാനമായും ഇതിലേക്ക് ആകർഷിക്കുന്നത്. കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തൊടുപുഴ മേഖലയിൽ പരിശോധനകൾ ശക്തമായി തുടരുമെന്ന് എക്സൈസും പൊലീസും അറിയിച്ചു.
ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളും കൂടുതൽ കാര്യക്ഷമമാക്കും. ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കു തടയിടാൻ പൊതുജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്ന് അധികൃതർ പറഞ്ഞു.രണ്ടുമാസത്തിനിടെ 22 എൻ.ഡി.പി.എസ് കേസുകളും 18 അബ്കാരി കേസുകളും തൊടുപുഴ റേഞ്ചിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻ.ഡി.പി.എസ് കേസുകളിൽ 30 പേരെയും അബ്കാരി കേസുകളിൽ 20 പേരെയും അറസ്റ്റ് ചെയ്തതായും എക്സൈസ് അധികൃതർ പറഞ്ഞു.
തൊടുപുഴ: കൊറിയർ മാർഗം ലഹരിക്കടത്ത് നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ കൊറിയർ സെന്ററുകളിൽ പൊലീസ് പരിശോധന. തൊടുപുഴ ഡി.വൈ.എസ്.പി എം.ആർ. മധു ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ശനിയാഴ്ച പരിശോധന നടന്നത്.അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടാൻ പൊലീസ്, എക്സൈസ് സംഘങ്ങൾ നടപടി കടുപ്പിച്ചതോടെ കൊറിയർ സെന്ററുകൾ വഴി കടത്തലിന് പുതുവഴി തേടുന്നതായാണ് വിവരം.
പിടിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്നതാണ് ഇതിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്. കൊറിയർ അയക്കുന്നയാളും കൈപ്പറ്റുന്നയാളും മാത്രമേ ഇത് കാണുന്നുള്ളൂവെന്നത് ഇടപാട് എളുപ്പമാക്കുന്നു. പാക്കറ്റിൽ എന്താണെന്ന് അറിയാൻ കൊറിയർ സ്ഥാപന അധികൃതർക്കും വഴിയില്ല.നട്സ്, പഴവർഗങ്ങൾ, ജാമുകൾ, മിഠായികൾ തുടങ്ങിയ വസ്തുക്കൾ എന്ന വ്യാജേന ലഹരി കടത്തുന്നതായാണ് വിവരം. ട്രെയിൻ, ബസ്, ചരക്ക് ലോറി മാർഗമാണ് നേരത്തേ ലഹരി കടത്തിയിരുന്നത്. ഇത് വ്യാപകമായി പിടിക്കപ്പെട്ടതോടെയാണ് കൊറിയർ വഴി സ്വീകരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
ലഹരി വസ്തുക്കൾ നിറച്ച് അതിന് മുകളിൽ പീനട്ട് ബട്ടർ, ഫ്രൂട്ട് ജാം തുടങ്ങിയ വസ്തുക്കൾ നിരത്തിവെക്കും. ഇത്തരത്തിൽ എത്തിക്കുന്ന സിന്തറ്റിക് ഡ്രഗ്സുകളടക്കം സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ച് ഇവിടെനിന്ന് ചെറിയ പാക്കറ്റുകളിലാക്കി മൂന്നിരട്ടി ലാഭത്തിലാണ് വിൽപന.തൊടുപുഴ സി.ഐ വിഷ്ണുകുമാർ ,ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങൾ, ഇടുക്കി നാർകോട്ടിക് ഡോഗ് സ്ക്വാഡ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.