തൊടുപുഴ: നഗരത്തിലെ അനധികൃത തെരുവുകച്ചവടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നഗരസഭ കൗണ്‍സില്‍ യോഗം തെരുവുകച്ചവട നിയമത്തിന്റെ കരടിന് അംഗീകാരം നല്കി. ഗതാഗതത്തിനും ജനങ്ങള്‍ക്കും തടസ്സം ഉണ്ടാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്ന തെരുവുകച്ചവടം നിയന്ത്രിക്കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. റോഡുകളുടെ പ്രാധാന്യം, വീതി എന്നിവയുടെ അടിസ്ഥാനത്തില്‍ തെരുവുകച്ചവട മേഖലകളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് മുതല്‍ ഗാന്ധി സ്ക്വയര്വരെയും റിവര്‍ വ്യൂ റോഡ്, കാരിക്കോട് ക്ഷേത്ര പരിസരം, മൗര്യ ഹോട്ടലിന് മുന്‍വശം, വിമല പബ്ലിക് സ്കൂള്‍ പരിസരം എന്നിവിടങ്ങള്‍ തെരുവുകച്ചവട നിരോധിത മേഖലയായി പ്രഖ്യാപിച്ചു. ഇവിടെ ഒരു തെരുവുകച്ചവടവും അനുവദിക്കില്ല.
അനധികൃത തെരുവുകച്ചവടം തടയുന്നതിനും തെരുവുകച്ചവട തിരിച്ചറിയല്‍ കാര്‍ഡിന്റെ ദുരുപയോഗം ഇല്ലാതാക്കുന്നതിനുമായി കച്ചവടക്കാര്‍ക്ക് വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും ഇതിന് ഫീസ് ഈടാക്കാനും തീരുമാനിച്ചു. വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാതെ തെരുവുകച്ചവടം ചെയ്യുന്നവരെ മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കും. ഒരു തെരുവുകച്ചവട ലൈസന്‍സിന്റെ മറവില്‍ ഒന്നിലധികം ഇടങ്ങളില്‍ കച്ചവടം ചെയ്യുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. കച്ചവടം ചെയ്യാൻ പരമാവധി ഉപയോഗിക്കാവുന്ന സ്ഥലം 25 സ്ക്വയര്‍ ഫീറ്റായി നിജപ്പെടുത്താനും ഉപജീവന ഉപാധിയുടെ മറവില്‍ നഗരസഭ പരിധിയില്‍ ചെയ്തുവരുന്ന അനധികൃത തെരുവുകച്ചവടങ്ങള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കൗണ്‍സില്‍ തീരുമാനിച്ചു.
അംഗീകൃത തെരുവുകച്ചവടക്കാര്‍ക്ക് വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 15വരെ സ്വീകരിക്കും. അപേക്ഷ ഫോറത്തിനും അനുബന്ധ വിവരങ്ങള്‍ക്കുമായി നഗരസഭയിലെ എ.ന്യു.എല്‍.എം വിഭാഗവുമായി ബന്ധപ്പെടണം. തെരുവുകച്ചവട കരട് ബൈലോ നഗരസഭ ഓഫിസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 25വരെ ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ച് ബൈലോ അന്തിമമാക്കാനും തീരുമാനിച്ചു. ബൈലോ സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ 25നകം അറിയിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
തൊടുപുഴ: നഗരസഭയിൽ ഇപ്പോഴുള്ള കണക്കുപ്രകാരം തെരുവുകച്ചവടക്കാരുടെ എണ്ണം 320. നഗരസഭ നടത്തിയ സർവേയിലെ കണ്ടെത്തലാണ് ഇത്. ആദ്യം 289 പേരാണ് ഉണ്ടായിരുന്നത്. പിന്നീട് 31 പേരെക്കൂടി കണ്ടെത്തി. ഇവരിൽ പലരും കച്ചവടം നിർത്തുകയും പുതുതായി പലരും എത്തുകയും ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്തി വെന്‍ഡിങ് സര്‍ട്ടിഫിക്കറ്റ് നൽകുകയാണ് നഗരസഭയുടെ ഉദ്ദേശ്യം. നഗരത്തിൽ തെരുവു കച്ചവടത്തിന് നിയന്ത്രണം കൊണ്ടുവരുകയും ഇവരുടെ വിവര ശേഖരണം നടത്തി അനധികൃത കച്ചവടം ഇല്ലാതാക്കുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.