തൊടുപുഴ: ജില്ലയിലെ പ്രധാന ടൗണുകളായ തൊടുപുഴയിലെയും മൂന്നാറിലെയും ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതിക്ക് അനുകൂല നടപടിയായില്ല. ആദ്യഘട്ടത്തില്‍ തൊടുപുഴ നഗരത്തിലെ മോര് ജങ്ഷന്, മൂന്നാര്‍ ടൗണ്‍ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാറിന് പദ്ധതി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ അംഗീകാരം നല്കിയാല് വ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കി നല്കി പദ്ധതി പ്രാവര്‍ത്തികമാക്കാം. എന്നാല്‍ സര്‍ക്കാരിനു മാസങ്ങള്‍ക്ക് മുമ്പ് നല്കിയ നിര്‍ദേശത്തിന് ഇതുവരെ അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറഞ്ഞു. ഏറെ തിരക്കുള്ള തൊടുപുഴ മോര് ജങ്ഷനില്‍ കടുത്ത ഗതാഗതക്കുരുക്കാണ് പലപ്പോഴും അനുഭവപ്പെടുന്നത്.
ആദ്യഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കിയ ശേഷമാണ് രണ്ടാം ഘട്ടമായി പദ്ധതിയുടെ പ്രാരംഭ നിര്‍ദേശം സമര്‍പ്പിച്ചത്. കുരുക്ക് ഒഴിവാക്കാൻ ഫ്ലൈ ഓവര്‍ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. മൂന്നാര്‍ ടൗണില്‍ നടപ്പാക്കുന്ന പദ്ധതിക്കായി അഞ്ചു കോടി, തൊടുപുഴ മോര് ജങ്ഷനായി അഞ്ചു കോടി ഉള്‍പ്പെടെ 10 കോടിയുടെ പദ്ധതിയാണ് സര്‍ക്കാര്‍ അനുമതിക്കായി നല്‍കിയത്. ഇതിനു പുറമെ കിഫ്ബിക്കും പ്രപ്പോസല്‍ കൈമാറിയിട്ടുണ്ട്.
തൊടുപുഴ മോര് ജങ്ഷനില്‍ നടപ്പാക്കേണ്ട പദ്ധതിയുടെ എസ്റ്റിമേറ്റ് തയാറാക്കിയത് ജില്ല പൊതുമരാമത്ത് വകുപ്പ് അധികൃതരും മൂന്നാര്‍ ടൗണിനു വേണ്ടി പദ്ധതി തയാറാക്കിയത് പൊതുമരാമത്ത് വകുപ്പിന്റെ എറണാകുളം സ്പെഷല്‍ യൂനിറ്റുമാണ്. മോര് ജങ്ഷനിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്.
രാവിലെയും വൈകുന്നേരങ്ങളിലും വാഹനങ്ങള്‍ ഏറെ നേരം കുരുക്കില്‍പ്പെട്ടു കിടക്കുന്ന സ്ഥിതിയാണ്. അടിയന്തര ഘട്ടങ്ങളില്‍ രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗതക്കുരുക്കില്‍ അകപ്പെടും. വിനോദ സഞ്ചാരികള്‍ എത്തുന്ന മൂന്നാര്‍ ടൗണിലും ഇത്തരത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്. സീസണ് സമയത്ത് ഇവിടെ തിരക്ക് നിയന്ത്രണാതീതമാകും. തൊടുപുഴ നഗരസഭ, മൂന്നാര്‍ പഞ്ചായത്ത് എന്നിവയുടെ ഗതാഗത ഉപദേശക സമിതികളുടെ യോഗങ്ങളിലും പ്രശ്നപരിഹാരത്തിന് നിരവധി പദ്ധതികള്‍ നേരത്തെ തന്നെ നിര്‍ദേശിക്കപ്പെട്ടെങ്കിലും ഇതൊന്നും പ്രാബല്യത്തില്‍ ആയില്ല. തുടര്‍ന്നാണ് ശാശ്വത പരിഹാരത്തിനു പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടലുണ്ടാകുന്നത്. പദ്ധതിക്ക് താമസിയാതെ തന്നെ സര്‍ക്കാര്‍ അംഗീകാരം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
തൊടുപുഴ: ന്യൂമാൻ കോളജിന് മുന്നിലൂടെ കടന്ന് പോകുന്ന കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസ് റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് പി.ഡബ്ലിയു. ഡിയോട് ആവശ്യപ്പെട്ടതായി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. കോളജിന് സമീപത്തായി കാരിക്കോടിന് തിരിയുന്ന ജങ്ഷനിൽ അപകടം പതിവായിട്ടുണ്ട്. മങ്ങാട്ടുകവലയിൽ നിന്ന് വരുന്ന വാഹനങ്ങളും കാരിക്കോട് നിന്ന് വരുന്ന വാഹനങ്ങളും അമിത വേഗത്തിൽ എത്തുന്നത് മൂലമാണ് അപകടം ഉണ്ടാകുന്നത്.
അപകടങ്ങൾ കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വ്യാപാരികളും ചെയർമാന് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നഗരസഭ ചെയർമാൻ സ്ഥലം സന്ദർശിച്ച് സ്ഥിതി ഗതികൾ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി ഈ റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്ന് പിഡബ്ലിയു. ഡിയോട് ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.