തൊടുപുഴ: ആദിവാസികളെ പൊലീസ് കള്ളക്കേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി ആദിവാസി സംഘടനകൾ. കുറ്റം ചെയ്യാത്തവർ ഇപ്പോഴും ജയിലിൽ കഴിയുന്നുണ്ടെന്നും അറിവില്ലായ്മ മുതലാക്കി ആദിവാസികളെ പോക്സോ അടക്കമുള്ള കേസുകളിൽപെടുത്തുകയാണെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
രാജാക്കാട് നടന്ന പോക്സോ പരാതിയിൽ ഉൾപ്പെട്ട രണ്ടുപേരെ കേസിൽ കുടുക്കുകയായിരുന്നുവെന്നും പ്രതികൾ മറ്റാരോ ആണെന്നും വൈരാഗ്യം തീർക്കാനാണ് ഇവരെ പ്രതികളാക്കിയതെന്നും നേതാക്കൾ ആരോപിച്ചു.
ചെയ്യാത്ത കുറ്റത്തിന് 98 ദിവസത്തെ ജയിൽവാസം അനുഭവിക്കേണ്ടിവന്ന ഉപ്പുതറ സ്വദേശി വിനീതാണ് ഒടുവിലത്തെ ഉദാഹരണം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ഡി.എൻ.എ പരിശോധനയിലൂടെയാണ് വിനീതിന് നിരപരാധിത്വം തെളിയിക്കാനായത്.
യഥാർഥ പ്രതിയെ പിന്നീട് പൊലീസ് കണ്ടെത്തുകയും ചെയ്തു. സമാന രീതിയിൽ കഴിഞ്ഞ ജൂണിൽ രാജാക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലും ശിക്ഷിക്കപ്പെട്ടത് നിരപരാധിയാണ്. പരാതികൾ നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
ആദിവാസികളെ പ്രദർശനവസ്തുവാക്കുന്ന സർക്കാറിൽനിന്ന് നീതി ലഭിക്കാനിടയില്ലെന്നും മതിയായ ഇടപെടലുകളുണ്ടായില്ലെങ്കിൽ സമരരംഗത്തിറങ്ങുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി. ഈ മാസം അവസാനത്തോടെ മൂന്നാർ ഡിവൈ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഗോത്ര മഹാസഭ നേതാവ് കുഞ്ഞമ്മ മൈക്കിൾ, ആദിവാസി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചിത്ര നിലമ്പൂർ, സുശീല ശെൽവൻ, മുത്തു പടിക്കപ്പ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.