തൊടുപുഴ: ജില്ലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് എല്ലാ സജ്ജീകരങ്ങളും ഒരുക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗത്തിൽ തീരുമാനം. താലൂക്ക് തലത്തില്‍ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കനത്ത മഴയെ തുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുന്നതിന് അഗ്നിശമനസേന, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്ക് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന അതോറിറ്റി യോഗം നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളം കയറുന്ന മേഖലകൾ എന്നിവിടങ്ങളിൽ നിന്ന് ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിന് ക്യാമ്പുകള്‍ മുൻകൂട്ടി കണ്ടുവെക്കണം. വീടുകളോട് ചേര്‍ന്ന് സംരക്ഷണഭിത്തി തകര്‍ന്നിട്ടുള്ളതും അപകടാവസ്ഥയിലായതുമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ യോഗം ചുമതലപ്പെടുത്തി. ജില്ല ആസ്ഥാനത്തുള്ള എന്‍.ഡി.ആര്.എഫിന്റെ ഡിസാസ്റ്റര്‍ ടീം ജാഗരൂകരായിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഒരുക്കങ്ങൾ മന്ത്രിയും കലക്ടർ വി. വിഗ്നേശ്വരിയും വിലയിരുത്തി.
ഇടുക്കി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, മുല്ലപ്പെരിയാര്‍ ഡാമുകളിലെ ജലനിരപ്പ് യോഗം വിലയിരുത്തി. മണ്ണിടിച്ചില്‍ സംഭവിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതായി പൊതുമരാമത്ത്, നാഷനൽ ഹൈവേ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയില്‍ ഇതിനോടകം രണ്ടു ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ഖജനപ്പാറ സ്കൂളിൽ ആരംഭിച്ച ക്യാമ്പില്‍ എട്ട് കുടുംബങ്ങളാണുള്ളത്. മൂന്നാറിലെ മൗണ്ട് കാര്‍മല്‍ സ്കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ 42 പേരുണ്ട്. ഇവര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. ജില്ലതല ഉദ്യോഗസ്ഥർ ആസ്ഥാനം വിട്ടുപോകരുതെന്ന് കലക്ടർ നിർദേശം നൽകി. ദുർബലമായ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധവേണം. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.