തൊടുപുഴ: വണ്ടിപ്പെരിയാർ - മ്ലാമല - തേങ്ങാക്കൽ റോഡ് നവീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ റോഡിന്റെ ശോചനീയാവസ്ഥ ദോഷകരമായി ബാധിക്കുന്നതായി കമീഷൻ വിലയിരുത്തി. പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം) ഒരു മാസത്തിനകം അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
2018 ലുണ്ടായ പ്രകൃതിക്ഷോഭത്തിൽ തകർന്ന റോഡ് ശബരിമല തീർഥാടകരുടെ ഉൾപ്പെടെയുള്ള സുഗമമായ സഞ്ചാരത്തിന് അനുയോജ്യമാക്കണം. കാലാകാലങ്ങളിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സങ്കീർണമായ സാമ്പത്തിക സ്ഥിതിയിൽപെട്ട് നവീകരണം ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഇനിയുണ്ടാകരുതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്തിലൂടെ കടന്നുപോകുന്ന 17 കിലോമീറ്ററുള്ള റോഡിന്റെ നവീകരണം നടത്താൻ 20 കോടിയോളം രൂപ ആവശ്യമുള്ളതിനാൽ റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിൽ തടസമില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 31 ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി കമ്മീഷനെ അറിയിച്ചു. ഇടുക്കിയിലെ ആദ്യകാല കുടിയേറ്റ ഗ്രാമങ്ങലിലൊന്നാണ് മ്ലാമല. റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ആസ്തിയിൽ വരുന്നതല്ലെന്നും തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പ് നവീകരിക്കണമെങ്കിൽ സർക്കാർ തലത്തിൽ തീരുമാനം വേണമെന്നും പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥ കാരണം കെ. എസ്. ആർ. ടി. സി. പോലും സർവ്വീസ് നടത്തുന്നില്ല. മ്ലാമല സ്വദേശി ജോമോൻ സി. തോമസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.