തൊടുപുഴ: 'എനിക്ക് പഠിച്ച് നല്ലൊരു ഫാഷൻ ഡിസൈനറാകണം. അതിന് എന്നെ സഹായിച്ചതിന് ഒരുപാട് നന്ദിയുണ്ട്'. ഇടുക്കി വിജിലൻസ് ഓഫിസിൽനിന്ന് മടങ്ങുമ്പോൾ മൂന്നാർ ടാറ്റ കമ്പനിയിലെ തൊഴിലാളി മുരുകെൻറ മകൾ വൈശ്യമോൾ ഹൃദയത്തിൽ തട്ടി പറഞ്ഞ വാക്കുകളാണിത്. പഠനത്തിന് സ്കോളർഷിപ് തുക ലഭിക്കാൻ കൈക്കൂലി നൽകേണ്ടി വന്ന മുരുകെൻറ മകളാണ് ചെന്നൈയിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് വിദ്യാർഥിനിയായ വൈശ്യ. മൂന്നാർ ടാറ്റ ടീ കമ്പനി വക രണ്ട് കൊച്ചുമുറിയുള്ള ലയത്തിൽ താമസിക്കുന്ന മുരുകന് ദിവസവേതനമായി കിട്ടുന്നത് 420 രൂപ മാത്രമാണ്. രണ്ടു പെൺമക്കളുടെ വിദ്യാഭ്യാസത്തിനും കുടുംബത്തിെൻറ ചെലവിനും ഇത് തികയില്ല. മകളുടെ പഠനത്തിന് കേന്ദ്രസർക്കാറിെൻറ സ്കോളർഷിപ് കിട്ടാൻ പട്ടികജാതി വികസന ഓഫിസിൽനിന്ന് അപേക്ഷ മുകളിലേക്ക് അയക്കുന്നതിന് 25,000 രൂപ കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. ഇത് വാങ്ങവെ സീനിയർ ക്ലർക്ക് റഷീദ് കെ. പനക്കൽ വിജിലൻസിെൻറ പിടിയിലായിരുന്നു. സ്കോളർഷിപ് തുക ലഭിക്കും മുമ്പുതന്നെ റഷീദ് കൈക്കൂലി വാങ്ങുകയായിരുന്നു. വിജിലൻസ് ഇടപെട്ടതോടെ മൂന്നാം ദിവസം കുട്ടിക്ക് സ്കോളർഷിപ് തുക അക്കൗണ്ടിൽ എത്തി. കുട്ടിയുടെ സ്കോളർഷിപ് തുകയിൽനിന്ന് മുമ്പ് 1,10,000 രൂപ കൈക്കൂലി വാങ്ങിയ റഷീദ് ഇത്തവണ 25,000 രൂപകൂടി വാങ്ങുമ്പോഴാണ് പിടിയിലായത്.
കുട്ടിയുടെ കൈയിലെ പൊട്ടിയ ഫോൺ ശ്രദ്ധയിൽപെട്ട വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ്കുമാർ ജില്ല പൊലീസ് സഹകരണ സംഘം ഭാരവാഹികളുമായി ബന്ധപ്പെടുകയും സ്മാർട്ട്ഫോൺ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. മുട്ടം വിജിലൻസ് യൂനിറ്റിൽ ഡിവൈ.എസ്.പി വി.ആർ. രവികുമാർ സ്മാർട്ട് ഫോൺ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.