തൊടുപുഴ: എക്സിറ്റ് പോളുകൾക്കും രാഷ്ട്രീയപാർട്ടികളുടെ കണക്കുകൂട്ടലുകൾക്കുമെല്ലാം അപ്പുറമുള്ള യഥാർഥ ചിത്രം ഇന്നറിയാം. ഇടുക്കിയിൽ ആര് വാഴും, ആര് വീഴുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. തെരഞ്ഞെടുപ്പിനുശേഷം കൂട്ടിയും കുറച്ചും നാളുകൾ എണ്ണി കാത്തിരിക്കുകയായിരുന്നു സ്ഥാനാർഥികളും വോട്ടർമാരും.
ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ഇരുപതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് സി.പി.എം ഉറപ്പിക്കുന്നത്. പോളിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടത് വിലയിരുത്തൽ. 50,000ത്തിലേറെ വോട്ടുകളുടെ ലീഡ് നേടി ഡീൻ കുര്യാക്കോസ് വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
തൊടുപുഴയിൽ ഡീൻ 25,000 വോട്ടിന്റെ ലീഡ് നേടുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മൂവാറ്റുപുഴയിലും ഡീനിനാകും ലീഡെന്ന് യു.ഡി.എഫ് ഉറപ്പു പറയുന്നു. ഉടുമ്പൻചോല, ദേവികുളം, പീരുമേട്, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ ജോയ്സിന് വ്യക്തമായ ഭൂരിപക്ഷമുണ്ടാകുമെന്നാണ് എൽ.ഡി.എഫ് കരുതുന്നത്. കടുത്ത മത്സരം നടന്ന ഇടുക്കി നിയോജക മണ്ഡലത്തിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്.
ഇടുക്കിയിലും മൂവാറ്റുപുഴയിലും ലീഡ് പതിനായിരമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്. ഉടുമ്പൻചോല നിയോജക മണ്ഡലത്തിലാണ് സി.പി.എം കൂടുതൽ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നത്. തോട്ടം മേഖലയായ പീരുമേട്, ദേവികുളം നിയോജകമണ്ഡലങ്ങളിൽ പതിനായിരത്തോളം വോട്ടിന്റെ ലീഡ് നേടുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ.
കോതമംഗലത്തും ദേവികുളത്തും പീരുമേടും 5000 വോട്ടിന്റെ ലീഡ് നേടുമെന്ന് യു.ഡി.എഫ് കണക്കാക്കുന്നു. എൻ.ഡി.എ സ്ഥാനാർഥി സംഗീത വിശ്വനാഥൻ എത്ര വോട്ട് പെട്ടിയിലാക്കുമെന്നതും ഇന്നറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.