തൊടുപുഴ: മാലിന്യ സംസ്കരണ മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ്. ഈമാസം മാത്രം 1,75,000 രൂപയാണ് പിഴയായി ഈടാക്കിയത്. അഞ്ച് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായി 28 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആഗസ്റ്റ് ഒന്നുമുതല്‍ 13 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. പഞ്ചായത്തുകളിലും നഗരസഭകളിലുമായി പൊതുജനം റിപ്പോർട്ട് ചെയ്യുന്നതും സ്ക്വാഡ് പരിശോധനയിലൂടെ കണ്ടെത്തുന്നതുമായ നിയമലംഘനങ്ങളിലാണ് നടപടി.
കട്ടപ്പന നഗരസഭയിലും മൂന്നാര്‍ പഞ്ചായത്തിലുമാണ് കൂടുതല്‍. കട്ടപ്പനയില്‍ ഏഴ് നിയമലംഘനങ്ങള്‍ കണ്ടെത്തി. അഞ്ചിനും പിഴയീടാക്കി. ആകെ 65,000 രൂപ. അറക്കുളം പഞ്ചായത്തില്‍ മൂന്ന് കേസുകളിലായി 30,000 രൂപയും പള്ളിവാസല്‍ പഞ്ചായത്തില്‍ രണ്ട് കേസുകളിലായി 20,000 രൂപയും പിഴയിട്ടു. ഏലപ്പാറ പഞ്ചായത്തിലും തൊടുപുഴ നഗരസഭയിലും ഓരോ കേസുകള്‍ക്ക് 10,000 രൂപവീതം പിഴയീടാക്കി.
മൂന്നാര്‍ പഞ്ചായത്തില്‍ നാല് കേസുകള്‍ക്ക് 40,000 രൂപ ഈടാക്കി. വാത്തിക്കുടി പഞ്ചായത്തില്‍ നാല് നിയമലംഘനങ്ങളുണ്ടെങ്കിലും പിഴയീടാക്കിയില്ല. അജൈവ മാലിന്യം അലക്ഷ്യമായി വലിച്ചെറിയല്‍, ചാക്കിൽ കെട്ടി റോഡരികിൽ തള്ളല്‍, കൂട്ടിയിട്ട് കത്തിക്കല്‍, ശുചിമുറിയില്‍നിന്ന് മലിനജലം പുറത്തേക്കൊഴുക്കല്‍, മലിനജലം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കല്‍, നിരോധിത പ്ലാസ്റ്റിക് കാരിബാഗ് വിതരണത്തിനായി സൂക്ഷിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് ഈ ദിവസങ്ങളില്‍ കണ്ടെത്തിയത്.
ജില്ലയില്‍ രണ്ട് സ്ക്വാഡാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായതിനാലും സവിശേഷ ഭൂപ്രകൃതി പരിഗണിച്ചുമാണ് രണ്ടാം സ്ക്വാഡിന് അനുമതി ലഭിച്ചത്. നിയമലംഘനം നടത്തുന്ന വ്യാപാര സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, മീൻ-മാംസ വ്യാപാരികൾ, വിനോദയാത്ര സംഘങ്ങൾ, സർക്കാർ/പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.