തൊടുപുഴ: ഇടുക്കിയിലെ ജലാശയങ്ങളിലും പുഴകളിലും മുങ്ങി മരണങ്ങൾ ആവർത്തിക്കുമ്പോഴും മുൻ കരുതൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച തുടരുന്നു. ജലാശയങ്ങളിലും കുളങ്ങളിലും ഒട്ടേറെ കൗമാരക്കാരുടെ ജീവന് പൊലിഞ്ഞിട്ടും ആവശ്യമായ ബോധവത്കരണം ഉണ്ടാകുന്നില്ല. ഓരോ വേനലവധിക്കാലത്തും ജല ദുരന്തങ്ങൾ ആവർത്തിക്കുകയാണ്. ചെങ്കുളം ഡാമിൽ മീൻ പിടിക്കാൻ പോയ യുവാവ് ബുധനാഴ്ച രാത്രി മരണപ്പെട്ടു. കാപ്പ് സ്വദേശിയായ വിദ്യാര്‍ഥി തൊടുപുഴയാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത് ഒരാഴ്ച മുമ്പാണ്. പുഴകളിലും ജലാശയങ്ങളിലും പതിയിരിക്കുന്ന ചതിക്കുഴികള്‍ അറിയാതെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടേക്ക് എടുത്തു ചാടുന്നത്. 2019 മുതല്‍ 2023 വരെ 122 മുങ്ങിമരണങ്ങള്‍ ജില്ലയില്‍ ഉണ്ടായതായാണ് കണക്കുകൾ.
കഴിഞ്ഞ വര്‍ഷവും 24 ഓളം പേരുടെ ജീവന് ജലാശയങ്ങളിലും പുഴകളിലുമായി പൊലിഞ്ഞു. അവധിക്കാലത്ത് അപകടത്തില്‍പ്പെടുന്നവരിലേറെയും കുട്ടികളാണ്. നീന്തല്‍ അറിയാവുന്നവരും അല്ലാത്തവരും പുഴയും കുളങ്ങളും കാണുന്ന ആവേശത്തില്‍ വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ ജില്ലയില്‍ തുടര്‍ക്കഥയാകുകയാണ്. സ്കൂള്‍ അടച്ച ആശ്വാസത്തിലും ആവേശത്തിലും പുഴകളിലും തോടുകളിലും സംഘം ചേര്‍ന്ന് കുളിക്കാനിറങ്ങുന്ന കുട്ടികള്‍ അപകടത്തില്‍ പെടുന്നത് നാടിന് ഏറെ വേദനയാണ് സൃഷ്ടിക്കുന്നത്. കടുത്ത വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനാണ് പലരും പകല്‍ പുഴകളിലും മറ്റും കുളിക്കാനിറങ്ങുന്നത്. ജലാശയങ്ങളുടെ മനോഹാരിതയും അപകടങ്ങളിലേക്ക് എടുത്തു ചാടാനുള്ള പ്രേരണയാകുന്നു. വെള്ളത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ അപകടത്തില്‍പ്പെടുന്നത്. മുങ്ങി മരണങ്ങള് കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്കിടയില്‍ ജല സുരക്ഷാ അവബോധം സൃഷ്ടിക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടതെന്ന ആവശ്യം വിവിധ തലങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.
പല ജില്ലകളിലും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സിവില്‍ ഡിഫന്‍സ് ടീമിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം ഉള്‍പ്പെടെ ജല സുരക്ഷാ ബോധവത്ക്കരണം സജീവമായി നടന്നു വരുന്നുണ്ട്. ജലാശയങ്ങളുടെയും പുഴകളുടെയും വെള്ളച്ചാട്ടങ്ങളുടെയും നാടാണ് ഇടുക്കി. അന്യ ജില്ലകളില്‍ നിന്നും ഇവിടേക്ക് ഒട്ടേറെ വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. നീന്തലറിയാതെ പലരും അപകടത്തില്‍പ്പെടുകയും ചെയ്യുന്നുണ്ട്.
വേനലവധിക്ക് സ്കൂളുകൾ അടച്ചതോടെ ജലാശയങ്ങളിൽ കുളിക്കാൻ പോകുന്ന കുട്ടികൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് അഗ്നി രക്ഷ സേനയും പൊലീസും നൽകുന്നു. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്നവരോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ യാത്രക്കോ കുളിക്കാനോ പോകരുതെന്ന് നിര്‍ദേശിക്കണം.
വിനോദ യാത്രാ വേളകളില്‍ വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതുക. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തു ചാടരുത്. കയറോ കമ്പോ തുണിയോ നീട്ടിക്കൊടുത്തു വലിച്ചു കയറ്റുന്നതാണ് സുരക്ഷിതം. വെള്ളത്തിലേക്ക് എടുത്തു ചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്‍ കാണുന്നതിനേക്കാള്‍ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നു പോകാനും തല പാറയില്‍ ഇടിക്കാനും സാധ്യതയുണ്ട്. ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റിയാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങിമരണം സംഭവിക്കാം. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങാതിരിക്കാനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.