തൊടുപുഴ: വന്യജീവികളെ പ്രതിരോധിക്കാൻ മാർഗങ്ങൾ ചർച്ച ചെയ്യുമ്പോഴും മലയോര മേഖലകളിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. കാട്ടാനയും കടുവയും കാട്ടുപോത്തുമൊക്കെ ജനവാസ മേഖലകളിലെത്തുന്നത് പതിവായതോടെ ഭീതിയിലാണ് പ്രദേശവാസികൾ. പീരുമേട്, പെരുവന്താനം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മുറിഞ്ഞപുഴ, പാഞ്ചാലിമേട്, കണയങ്കവയൽ മേഖലകളിൽ കാട്ടാനകൾ പതിവായി തമ്പടിച്ചിരിക്കുകയാണ്. മുറിഞ്ഞപുഴ- പാഞ്ചാലിമേട് റോഡിന് സമീപത്ത് വരെ ആനകളെത്തി. ഇവിടങ്ങളിലെത്തുന്ന ആനകൾ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടമാണെന്നാണ് വിവരം. പീരുമേട് സിവിൽ സ്റ്റേഷൻ പരിസരത്തും ആനകളെത്താറുണ്ട്. മൂന്നാർ അടക്കമുള്ള ഹൈറേഞ്ചിലും കാഞ്ഞിരവേലി ഉൾപ്പെടെയുള്ള ലോ റേഞ്ചിലും വന്യമൃഗശല്യം രൂക്ഷമാണ്. വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ കൂട്ടത്തോടെ കാടിറങ്ങുന്നത് മലയോര ജനതയുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി. വ്യാഴാഴ്ച ദേവികുളത്ത് കാട്ടാനകൾ പലചരക്കുകട തകർത്തിരുന്നു. നിരന്തരമുള്ള കാട്ടാന സാന്നിധ്യം മൂലം എസ്റ്റേറ്റ് തൊഴിലാളികൾ ഭീതിയിലാണ്. പുലർച്ചയോടെ എത്തിയ കാട്ടാനക്കൂട്ടമാണ് ദേവികുളം ഫാക്ടറി ഡിവിഷനിലെ പലചരക്കുകട തകർന്നത്. ആറു ആനകൾ ഉൾപ്പെട്ട കാട്ടാനക്കൂട്ടം കട തകർത്ത് അകത്തുണ്ടായിരുന്ന രണ്ടു ഉപ്പു ചാക്കുമായി കാട്ടിലേക്ക് മടങ്ങി.
പുലർച്ച നാലു മണിയോടെ എത്തിയ കാട്ടാന ഒരു മണിക്കൂറോളം സ്ഥലത്ത് നിലയുറപ്പിച്ച ശേഷമാണ് മടങ്ങിയത്. ഫാക്ടറി ഡിവിഷൻ സ്വദേശിയായ ബാലാജിയുടെ കടയാണ് ആക്രമണത്തിൽ നശിച്ചത്. ആറു മാസത്തിനു മുമ്പ് ഇതേ കട കാട്ടാനയുടെ ആക്രമണത്തിൽ തകർന്നിരുന്നു. എസ്റ്റേറ്റ് മേഖലകളിൽ കാട്ടാനയുടെ സാന്നിധ്യം ഓരോ ദിവസവും വർധിക്കുകയാണ്.
കഴിഞ്ഞ ദിവസം സെവൻമഠം എസ്റ്റേറ്റിലെ പാർവതി ഡിവിഷനിൽ സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ളവർ യാത്രക്ക് ഒരുങ്ങവെ രാവിലെ എട്ട് മണിക്ക് വീടുകൾക്ക് സമീപം കാട്ടാന എത്തിയിരുന്നു.
മറയൂർ: മറയൂർ- മൂന്നാർ റോഡിൽ എട്ടാം മൈൽ ഭാഗത്ത് പടയപ്പയെന്ന ഒറ്റയാന കണ്ട് ലോറി പിന്നോട്ടെടുത്തപ്പോൾ അപകടം. മറയൂർ മൂന്നാർ റോഡിൽ സ്ഥിരമായി കണ്ടുവരുന്ന പടയപ്പ എന്ന ഒറ്റയാണ് മദപ്പാടുകൾ സാഹചര്യത്തിൽ രാപ്പകലായി ആക്രമണം നടത്തിവരുന്നത്. ബുധനാഴ്ച രാത്രി മറയൂർ മൂന്നാർ റോഡിൽ സിമൻറ് ലോഡുമായി വന്ന ലോറി ഡ്രൈവർ പടയപ്പയപ്പയെ കണ്ടതോടെ വെട്ടിച്ചതിനെ തുടർന്ന് ലേറി മറിഞ്ഞ് അപകടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.