തൊടുപുഴ: മഴക്കെടുതികൾക്ക് ശേഷം സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ ടൂറിസം മേഖലയിൽ ഉണർവ്. മൂന്നാഴ്ചയായുള്ള മഴയിൽ ടൂറിസം രംഗം വലിയ തിരിച്ചടിയാണ് നേരിട്ടത്.കോവിഡിനെ തുടർന്ന് രണ്ടുവർഷമായി പ്രതിസന്ധിയിലായ വിനോദസഞ്ചാര മേഖല തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് ജൂലൈ അവസാന ആഴ്ചകളിൽ തുടങ്ങിയ മഴ തിരിച്ചടിയായത്.
ശക്തമായ മഴയെത്തുടർന്ന് മൂന്നാർ ഉൾപ്പെടെ മേഖലകളിൽ തുടർച്ചയായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിനോദസഞ്ചാരത്തിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തുകയായിരുന്നു. റിസോർട്ടുകളും ഹോട്ടലുകളും മുൻകൂട്ടി ബുക്ക് ചെയ്ത് അന്തർസംസ്ഥാനങ്ങളിൽനിന്ന് എത്തിയ നിരവധി സഞ്ചാരികൾ നിയന്ത്രണങ്ങളെത്തുടർന്ന് ദുരിതത്തിലായി. പലരും മടങ്ങുകയും ബുക്കിങ് റദ്ദാക്കുകയും ചെയ്തു. എന്നാൽ, രണ്ട് ദിവസമായി മഴ മാറിയതോടെ പഴയതുപോലെ ടൂറിസം കേന്ദ്രങ്ങൾ സജീവമായി.
മൂന്നാറും തേക്കടിയുമടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ രണ്ടു ദിവസങ്ങളിലായി വലിയ തിരക്കാണ്. രണ്ടാഴ്ചയായി പൂട്ടിക്കിടന്ന തേക്കടി ബോട്ട് യാർഡും വെള്ളിയാഴ്ച മുതൽ സജീവമായി.അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടി തടാകത്തിൽ ബോട്ടിങ് പുനരാരംഭിച്ചതും ടൂറിസം മേഖലക്ക് കരുത്തായി. മൂന്നാർ മാട്ടുപ്പെട്ടിയിലും ശനിയാഴ്ച ബോട്ടിങ് ആരംഭിച്ചു. വിദേശികളും ഉത്തരേന്ത്യക്കാരുമടക്കം അഞ്ഞൂറോളം പേരാണ് കഴിഞ്ഞ ദിവസം തേക്കടിയിൽ ബോട്ട് സർവിസ് നടത്തിയത്. തേക്കടിയിലെത്തുന്ന സഞ്ചാരികൾ മൂന്നാറും വാഗമണ്ണും സന്ദർശിച്ച ശേഷമാണ് മടങ്ങുക.
വിനോദസഞ്ചാരം പുനരാരംഭിച്ചതോടെ കൂടുതൽ കച്ചവടം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഹോട്ടൽ, റിസോർട്ട് ഉടമകളും. ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളും ആശ്വാസത്തിലാണ്. കഴിഞ്ഞ ദിവസം ജില്ലയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിലും കൂടുതൽ പേർ എത്തിയതായി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച വാഗമൺ മൊട്ടക്കുന്നുകൾ മാത്രം കാണാൻ എത്തിയത് 526 പേരാണ്. 182 പേർ പാഞ്ചാലിമേടും 123 പേർ രാമക്കൽമേടും 102 പേർ ഹിൽവ്യൂ പാർക്കിലും 632 പേർ ശ്രീനാരായണപുരം വെള്ളച്ചാട്ടവും കാണാനെത്തി.
ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ സഞ്ചാരികൾക്ക് പ്രവേശനത്തിന് അനുമതി നൽകിയിട്ടില്ല. സഞ്ചാരികൾക്കായി ഒക്ടോബർ വരെ അണക്കെട്ട് തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രവേശനം നിലക്കുകയായിരുന്നു. ഷട്ടറുകൾ അടക്കുന്ന സാഹചര്യത്തിലേ ഇവിടേക്കുള്ള സന്ദർശനം അനുവദിക്കൂ എന്നും കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.