തൊടുപുഴ: വിമാനത്തിൽ കയറി ഇങ്ങനെ പറക്കാൻ കഴിയുമെന്ന് ഒരുപക്ഷേ, ഇവരിലാരും ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. പുലർച്ച വീട്ടിൽനിന്നിറങ്ങി വിമാനത്തിൽ കയറി ബംഗളൂരു നഗരത്തിലേക്ക്. അവിടം മുഴുവൻ കണ്ട് രാത്രി വിമാനത്തിൽതന്നെ നാട്ടിലേക്ക്. എല്ലാം ഒരു സ്വപ്നം പോലെയാണ് വഴിത്തലയിൽനിന്ന് വിമാനയാത്രക്ക് പുറപ്പെട്ട 32 പേർക്കും തോന്നുന്നത്.
വഴിത്തലയിലെയും സമീപങ്ങളിലെയും മുതിർന്ന ആളുകളെ പങ്കെടുപ്പിച്ച് വിമാനയാത്രക്ക് അവസരമൊരുക്കിയത് വഴിത്തല ജെ.സി.ഐയാണ്. വിമാനയാത്രക്ക് ഇതുവരെ അവസരം ലഭിക്കാത്തവരെ ഉൾപ്പെടുത്തിയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ആദ്യ യാത്രയിൽ 60 വയസ്സിന് മുകളിലുള്ളവരെയാണ് ഉൾപ്പെടുത്തിയത്. കൂട്ടത്തിൽ 81 വയസ്സുള്ളവർ വരെയുണ്ടായിരുന്നു.
‘‘വിദേശത്ത് ജോലിയുള്ള മക്കൾ ഉള്ളവർക്കോ അതല്ലെങ്കിൽ ജോലിയുമായി ബന്ധപ്പെട്ട യാത്ര നടത്താൻ സാധ്യതയുള്ളവർക്കോ ഒന്നും വിമാനയാത്ര ഒരു സ്വപ്നമല്ല. എന്നാൽ, കൂലിപ്പണിയെടുക്കുന്ന, നാട്ടിൻപുറങ്ങളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന ഒരുപാട് അച്ഛനമ്മമാർക്ക് വിമാനയാത്ര ചിന്തിക്കാൻ പറ്റാത്തതാണ്. ചെറിയ ജോലിയുമായി ജീവിതം നയിക്കുന്ന മക്കൾക്ക് അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ കഴിഞ്ഞെന്നും വരില്ല. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചത്’’ - ജെ.സി.ഐ പ്രസിഡന്റ് ശ്രീജിത് പറഞ്ഞു.
തുടക്കം മുതൽ വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. നാട്ടിൽതന്നെ നാല് ഫ്ലക്സ് സ്ഥാപിച്ചു. സമൂഹമാധ്യമങ്ങൾ വഴിയും വിവരമെത്തിച്ചു. മൂന്ന് ദിവസംകൊണ്ട് 30 പേരെത്തി.സാധാരണക്കാരാണ് കൂടുതലും. പുലർച്ച നാലിന് എല്ലാവരും വീടുകളിൽനിന്നിറങ്ങി. നെടുമ്പാശ്ശേരിയിൽനിന്ന് 6.40നായിരുന്നു ഫ്ലൈറ്റ്. എട്ടോടെ ബംഗളൂരുവിലെത്തി.
പ്രഭാതഭക്ഷണ ശേഷം ബംഗളൂരു നഗരവും ലാൽബാഗുമൊക്കെ ചുറ്റിക്കണ്ട് വൈകീട്ട് ഏഴോടെ തിരികെ നെടുമ്പാശ്ശേരിയിലെത്തി.രാത്രി ഒമ്പതോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തു. ഒറ്റ ദിവസംകൊണ്ട് രണ്ട് ഫ്ലൈറ്റ് യാത്ര നടത്തിയ അതിശയംപേറി അവരോരുത്തരും മക്കളോടും പേരക്കുട്ടികളോടുമൊക്കെ വിമാനയാത്ര വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.