തൊടുപുഴ: ഭാര്യയുടെ വാഹനം ഓടിച്ച് അപകടത്തിൽപെട്ട് ഭർത്താവ് മരിച്ച കേസിൽ മക്കൾക്ക് നഷ്ടപരിഹാരം നൽകാൻ കോടതിവിധി. 2018 ജൂൺ 11ന് പൊന്മുടി പള്ളിസിറ്റി കോലോത്ത് ബേബി മാത്യു തന്റെ ഭാര്യ ആശയുടെ പേരിലുള്ള ജീപ്പ് ഓടിക്കുന്നതിനിടെ തീപിടിച്ച് മരിച്ച കേസിലാണ് വാഹനത്തിന്റെ ഇൻഷുറൻസ് കമ്പനിയോട് ബേബിയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തൊടുപുഴ അഡീഷനൽ എം.എ.സി.ടി കെ.എൻ. ഹരികുമാറിന്റെ വിധി.
ഭാര്യയുടെ വാഹനം ഭർത്താവ് ഓടിക്കുന്ന സമയം തേഡ് പാർട്ടി അല്ലെന്നും അതുകൊണ്ടുതന്നെ മരിച്ച ബേബി മാത്യുവിന്റെ മക്കളും ഹരജിക്കാരുമായ അമൽ, ജോസഫ് എന്നിവർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് അർഹത ഇല്ലെന്നുമുള്ള വാദം നിരാകരിച്ചാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. വ്യക്തിഗത നഷ്ടപരിഹാരത്തിന് പോളിസിയിൽ വ്യവസ്ഥയുണ്ടെന്നും വാഹന ഉടമയുടെ ഭർത്താവ് വാഹനം കൈകാര്യം ചെയ്തു എന്നതുകൊണ്ട് മാത്രം നഷ്ടപരിഹാരം നൽകുന്നതിനുള്ള ഉത്തരവാദിത്തത്തിൽനിന്ന് ഇൻഷുറൻസ് കമ്പനിക്ക് ഒഴിവാകാനാകില്ലെന്നുമുള്ള ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഹരജിക്കാർക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.