എടക്കാനത്ത് കരയിടിച്ചിൽ രൂക്ഷം

പടം -എടക്കാനം കല്ലേരിക്കൽ ഭാഗത്തെ പുഴയോരത്ത് കരയിടിഞ്ഞു നിരങ്ങിയ ഭാഗം ഇരിട്ടി: മഴ ശക്തമായതോടെ പഴശ്ശി ഡാമിനോടുചേർന്ന് നിൽക്കുന്ന പല പ്രദേശങ്ങളിലും കരയിടിച്ചിൽ രൂക്ഷമാകുന്നു. പുഴയോര വാസികളുടെ സ്വകാര്യ ഭൂമി പോലും ഇടിഞ്ഞു താഴുന്ന അവസ്ഥ വന്നതോടെ മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾ ഭീതിയിലായിരിക്കുകയാണ്. വേനൽക്കാലത്ത് ഷട്ടർ അടച്ച് ജലം സംഭരിച്ച് നിർത്തുകയും മഴക്കാലത്ത് ഷട്ടറുകൾ പൂർണമായും തുറക്കുന്നതോടെ കുത്തിയൊഴുകിപ്പോകുന്ന വെള്ളവും കരയിടിച്ചിലിന് കാരണമാകുന്നു. മഴക്കാലത്ത് മലയോര മേഖലകളിൽ ഉണ്ടാകുന്ന ഉരുൾ പൊട്ടലും ബാരാപോൾ, ബാവലി അടക്കം അഞ്ചോളം പുഴകളിൽ നിന്നുള്ള മലവെള്ളപ്പാച്ചിലും കരയിടിച്ചിലിനു ശക്തികൂട്ടുകയാണ്. ആറു വർഷത്തിലേറെയായി പുഴകളിൽ നിന്നും മണൽ ശേഖരിക്കുന്നത് നിർത്തിയതും ഇരിട്ടി പാലം നിർമാണത്തിനായി പുഴയിൽ തള്ളിയ ആയിരക്കണക്കിന് ലോഡ് മണ്ണ് ജലാശയത്തിൽ ഒഴുകിയടിഞ്ഞതും പുഴയുടെ ആഴം ഗണ്യമായി കുറക്കാനിടയായി. ഇതുമൂലം പലസ്ഥലങ്ങളിലും പുഴ ഗതിമാറിയൊഴുകാൻ തുടങ്ങി. ചെറിയ മഴ പെയ്യുമ്പോഴേക്കും പുഴ കവിഞ്ഞൊഴുകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതെല്ലാം കരയിടിച്ചിൽ രൂക്ഷമാക്കാൻ ഇടയാക്കിയിരിക്കുകയാണ്. പഴശ്ശി പുഴയോരത്തെ എടക്കാനം മേഖലയിൽ ഇരുകരകളും പുഴയെടുക്കുന്ന അവസ്ഥയാണ്. എടക്കാനം നെല്ലാറക്കൽ മുതൽ വൈദ്യരുകണ്ടി കടവ് വരെ എക്കർകണക്കിന് പുഴയോരം ഇടിഞ്ഞുതാണ് പുഴയോട് ചേർന്നത് മേഖലയിലെ നൂറോളം കുടുംബങ്ങളെ ഭീതിയിലാക്കുകയാണ്. ആദ്യകാലത്ത് കാലവർഷങ്ങളിലും മറ്റും ചെറിയ തോതിലുള്ള കരയിടിച്ചിൽ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ സ്ഥിതിയാകെ മാറിയിരിക്കുകയാണ്. സ്വന്തം സ്ഥലവും പുരയിടവും പുഴയെടുക്കുമോ എന്ന ഭീതിയിലാണ് പല കുടുംബങ്ങളും. മണ്ണ് കുത്തിയൊലിച്ചു പോയതിനെ തുടർന്ന് പല സ്ഥലങ്ങളിലും കൂറ്റൻ ഗർത്തങ്ങളും രൂപപ്പെട്ടു. പുഴയോരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്ന് പുഴയോര നിവാസികൾ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ മൗനത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.