കണ്ണപുരം: ബുധനാഴ്ച രാവിലെയുണ്ടായ റോഡപകടത്തിൽ മരിച്ചത് ആറുവയസ്സായ കുട്ടി. മദ്രസ പഠനവും കഴിഞ്ഞ് വീട്ടിലേക്ക് പോകവേ എതിരെ വന്ന ബൈക്ക് കുട്ടി യാത്ര ചെയ്ത സ്കൂട്ടിയുമായി കൂട്ടിയിടിച്ചായിരുന്നു ദാരുണമായ മരണം. നാടിനെ നടുക്കിയ സംഭവമായിരുന്നു അപകടം. ഓടിക്കൂടിയവർ കുട്ടിയെ പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്.
പാപ്പിനിശേരി കെ.എസ്.ടി.പി. റോഡ് നവീകരിച്ച് 2018 ൽ തുറന്നു കൊടുത്തതോടെ ഇതിനകം നൂറിലേറെ പേർ അപകടത്തിൽ മരിച്ചു. കെ.എസ്.ടി.പി റോഡിൽ ഡിവൈഡർ വേണമെന്നും ഗതാഗത നവീകരണങ്ങളടക്കം ആവശ്യമാണെന്നും രാഷ്ടീയ സാമൂഹിക സംഘടനകൾ ആവശ്യപ്പെട്ടിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ ജനങ്ങളിൽ കടുത്ത അമർഷമുണ്ട്.
കണ്ണൂർ റൂറൽ പൊലിസിന്റെ പരിധിയിൽ 2021ൽ 67 പേരും 2022 ൽ 85 പേരും വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ സിറ്റി പൊലീസിന്റെ പരിധിയിലാണെങ്കിൽ 2021 ൽ 122 പേർക്കും 2022 ൽ 170 പേർക്കും ജീവൻ നഷ്ടമായി.
2023 ൽ മൊത്തം 80 ഓളം പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞപ്പോൾ പരിക്കേറ്റവർ 3000 ൽ അധികം വരും. ഇങ്ങനെ കണക്കുകൾ പറയുന്നതല്ലാതെ വാഹനാപകട നിരക്ക് കുറക്കാൻ ഒരു റോഡ് സുരക്ഷ സംവിധാനവും വേഗത നിയന്ത്രണ നിയമവും നടപ്പാക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നോ മോട്ടോർ വെഹിക്കിൾ വകുപ്പോ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
നിലവിൽ ഗ്രാമീണ റോഡിൽനിന്ന് ഇത്തരം റോഡിലേക്ക് കയറുന്നതിനും വാഹനങ്ങൾ മറികടക്കുന്നതിനും ഒരു നിയന്ത്രണവും ഇല്ല. ഇങ്ങനെ റോഡുകൾ മരണം മാടിവിളിക്കുന്നതായാൽ എന്തു ചെയ്യാൻ സാധിക്കുമെന്നാണ് വാഹനയാത്രക്കാർ ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.