എടക്കാട്: കണ്ണൂർ -തോട്ടട -തലശ്ശേരി റൂട്ടിൽ ആരംഭിച്ച ബസ് പണി മുടക്ക് മൂന്നു ദിവസം പിന്നിട്ടതോടെ ദുരിതംപേറി യാത്രക്കാർ. നടാൽ ഗേറ്റ് കഴിഞ്ഞുള്ള ബസുകളുടെ അധിക ഓട്ടത്തിന് പരിഹാരമായി അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ -തോട്ടട - തലശ്ശേരി- മറ്റു അനുബന്ധ പ്രാദേശിക റൂട്ടിലും ഓടുന്ന സ്വകാര്യ ബസുകൾ കഴിഞ്ഞ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്.
ദീർഘദൂര ബസുകളും എടക്കാട് -കാടാച്ചിറ, തോട്ടട -കിഴുന്ന -കണ്ണൂർ -സിറ്റി -റൂട്ടുകളിലോടുന്ന ബസുകളും പണിമുടക്കിൽ അണിനിരന്നതോടെ യാത്രക്കാർക്ക് ഇരട്ടി ദുരിതമായി. അവസരം ഉപയോഗപ്പെടുത്തി മണിക്കൂറിൽ 15 മിനിറ്റ് ഇടവിട്ട് കെ.എസ്.ആർ.ടി.സി നടത്തുന്ന അധിക സർവിസാണ് യാത്രക്കാർക്ക് അൽപമെങ്കിലും ആശ്വാസമാകുന്നത്. തോട്ടടയിലെ ഗവ. ഐ.ടി.ഐ, വനിത ഐ.ടി.ഐ, ടെക്നിക്കൽ സ്കൂൾ, മറ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർഥികളാണ് കുരുക്കിലായത്. പല സ്ഥാപനങ്ങളിലും ബസ് പണിമുടക്ക് കാരണം ഹാജർ നില വളരെ കുറവാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച ഉച്ചക്ക് സമരസമിതിയുടെ സംയുക്ത യോഗം നടാൽ വിജ്ഞാനദായിനി വയനശാലയിൽ ചേർന്നു. വ്യാഴാഴ്ച കണ്ണൂരിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുൻകൈയെടുത്ത് നടത്തുന്ന ചർച്ചയിൽ സമര സമിതി നേതാക്കൾ പങ്കെടുക്കും. ചർച്ചയിൽ അനുഭാവപൂർണമായ തീരുമാനങ്ങളുണ്ടായില്ലെങ്കിൽ സമരം തുടരുമെന്നും വെള്ളിയാഴ്ച മുതൽ ദേശീയ പാത ഓഫിസിന് മുന്നിൽ സത്യാഗ്രഹ ഉൾപ്പെടെ നടത്തുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
യോഗത്തിൽ ബസ് ഉടമകളും തൊഴിലാളി സംഘടനകളും അടിപ്പാത കർമസമിതി നേതാക്കളും നാട്ടുകാരും പങ്കെടുത്തു. സമര വിഷയം അടിസ്ഥാനപരമായി ന്യായമുള്ളതിനാൽ അധികൃതർ എത്രയും പെട്ടെന്ന് ചർച്ച ചെയ്ത് ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.