എടക്കാട്: കണ്ണൂർ-തോട്ടട-തലശ്ശേരി റൂട്ടിലെ സ്വകാര്യ ബസ് സമരം താൽക്കാലികമായി പിൻവലിച്ചു. ശനിയാഴ്ച രാവിലെ എ.ഡി.എം കെ. നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ സമരസമിതി നേതാക്കളും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് തീരുമാനം.
നിലവിൽ പണി പൂർത്തിയാക്കിയ നടാൽ ഊർപ്പഴശ്ശിക്കാവ് അടിപ്പാതയുടെ ഉയരം വർധിപ്പിക്കുക, അല്ലെങ്കിൽ നടാൽ ഒ.കെ യു.പി സ്കൂളിനു സമീപം അടിപാത നിർമിക്കുക എന്നതാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം.
തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സഞ്ചാരത്തെ തടയുന്ന തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തുടർന്ന് റൂട്ടിൽ സർവിസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ സമരം തൽക്കാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സമര സമിതി നേതാക്കൾ പറഞ്ഞു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് നടാലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ടു മേയ് 30 മുതലാണ് സമരം ആരംഭിച്ചത്.
നിരവധി സമരങ്ങൾക്കൊടുവിലാണ് അനിശ്ചിതകാല ബസ് സമരം തുടങ്ങിയത്. എൻ.എച്ച്.എ.ഐ പ്രോജക്റ്റ് ഇംപ്ലിമെന്റേഷൻ യൂനിറ്റ് കണ്ണൂർ സൈറ്റ് എൻജീനിയർ ഹർകേഷ് മീണ, കരാർ കമ്പനി പ്രതിനിധികൾ, സമര സമിതി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പല സ്ഥലത്തും നിലവിലെ റോഡുകൾ അടച്ചതും പിന്നാലെ വന്ന ബസ് സമരവും ജനത്തിന് ഇരട്ടി ദുരിതമാണ് നൽകിയിരുത്. തിങ്കളാഴ്ച സ്കൂളുകൾ തുറക്കാനിരിക്കെ സമരം പിൻവലിച്ചത് വലിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.