എടക്കാട്: നടാലിൽ അടിപ്പാത ആവശ്യപ്പെട്ട് തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ ആരംഭിച്ച അനിശ്ചിതകാല ബസ് സമരം ജനത്തിന് ഇരട്ടി ദുരിതം. ദേശീയപാതയുടെ നിർമാണം നടന്നുകൊണ്ടിരിക്കെ പല സ്ഥലത്തും റോഡുകൾ അടച്ചതും കാലവർഷക്കെടുതിയിലെ ദുരിതവും സഹിച്ച് ജനം പൊറുതിമുട്ടിയിരിക്കെയാണ് ബസ് സമരം. നടാൽ ഗേറ്റ് കഴിഞ്ഞ് ഒ.കെ യു.പി സ്കൂളിന് സമീപത്തായി അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് സമരം തുടങ്ങിയത്.
സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സമരം അനിശ്ചിതമായി നീണ്ടാൽ വിദ്യാർഥികൾക്കടക്കം ദുരിതമാകും. ബസുടമകൾ സമരത്തിന് കാരണം പറയുന്ന സാമ്പത്തിക നഷ്ടവും സമയനഷ്ടവും ന്യായമാണെങ്കിലും എല്ലാ ദുരിതവും സഹിക്കേണ്ടത് ജനങ്ങൾ തന്നെയാണെന്ന് നാട്ടുകാർ പറഞ്ഞു.
തോട്ടടക്കും നടാലിനുമിടെ നിരവധി സ്കൂളുകളും കോളജുകളും മറ്റു സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ സാധാരണക്കാർ ആശ്രയിക്കുന്ന ബസ് ഓട്ടം നിർത്തിയാൽ യാത്രദുരിതം രൂക്ഷമാകും. ദേശീയപാത അതോറിറ്റി ഉൾപ്പെടെ പ്രശ്നത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
എടക്കാട്: നടാലിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ- തോട്ടട -തലശ്ശേരി റൂട്ടിലോടുന്ന ബസ് ഉടമകളും തൊഴിലാളി സംഘടനകളും പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി ഒരുമണിക്കൂർ ദേശീയപാത ഉപരോധിച്ചു. കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. അടിപ്പാതയുടെ വിഷയവുമായി ബന്ധപ്പെട്ട് നിരവധിതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നെങ്കിലും അവരുടെ അലംഭാവമാണ് ഇത്തരം പ്രതിഷേധ സമരങ്ങൾക്ക് കാരണമാകുന്നതെന്ന് കെ. സുധാകരൻ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
അടിപ്പാത വിഷയത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ദീർഘദൂര ബസുകൾ ഉൾപ്പെടെ മുഴുവൻ ബസുകളും തടയേണ്ട സാഹചര്യമുണ്ടാവുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. സത്യൻ വണ്ടിച്ചാൽ, കെ. പ്രദീപ്, വി.വി. ശശീന്ദ്രൻ, വി.വി. പുരുഷോത്തമൻ, കെ.കെ. ശ്രീജിത്ത്, എം.വി. ഹരിദാസ്, രാജീവൻ, എം.കെ. മുരളി, പി. പ്രകാശൻ, പി. ഹമീദ്, വെള്ളാറ രാജൻ, ആർ.കെ. ഗിരിധരൻ, രാജ് കുമാർ, പി.കെ. പവിത്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.