പഴയങ്ങാടി: ഉത്തര മലബാറിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടി - പുതിയ വളപ്പ് - ചൂട്ടാട് അഴിമുഖത്തെ പുലിമുട്ട് നിർമാണം പാതിവഴിയിൽ. കഴിഞ്ഞ ജൂണിൽ നിലച്ച പുലിമുട്ട് നിർമാണം 10 മാസം പിന്നിട്ടിട്ടും പുനരാരംഭിച്ചിട്ടില്ല. പുലിമുട്ട് നിർമാണത്തിനാവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിന്റെ സൗകര്യാർഥം നിർമിച്ച പാത കഴിഞ്ഞ കാലവർഷത്തിൽ തകർന്നതോടെയാണ് പുലിമുട്ട് നിർമാണം താൽക്കാലികമായി നിർത്തിവെച്ചത്.
കാലവർഷം കഴിയുന്നതോടെ പ്രവൃത്തി പുനരാരംഭിക്കുമെന്നായിരുന്നു ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ വിശദീകരണം. എന്നാൽ, അടുത്ത കാലവർഷം ആരംഭിക്കാനായിട്ടും നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടില്ല. പുലിമുട്ട് നിർമാണം പാതിവഴിയിലായതോടെ കടൽതിരകളുടെ ഗതിമാറ്റത്തിൽ നാശനഷ്ടങ്ങൾ വർധിക്കുന്നതായും പരാതിയുയർന്നിട്ടുണ്ട്. ചൂട്ടാട് ബീച്ച് പാർക്കിന്റെയും നിർമാണം പാതിവഴിയിലായ പുലിമുട്ടിന്റെയും മധ്യേയാണ് കഴിഞ്ഞാഴ്ച വേലിയേറ്റവും തുടർന്ന് കൂറ്റൻ തിരമാലകളുടെ ആക്രമണത്തിൽ ഏതാണ്ട് 12 ലക്ഷം രൂപയുടെ നാശനഷ്ടവുമുണ്ടായത്.
പുലിമുട്ട് നിർമാണം പാതി വഴിയിൽ നിലച്ചതാണ് ഏറ്റവും ഒടുവിലത്തെ കടൽക്ഷോഭത്തിനും നാശനഷ്ടങ്ങൾക്കും കാരണമായതെന്ന് തീരദേശ വാസികൾ പരാതിയുയർത്തുകയാണ്. ഒടുവിലത്തെ വേലിയേറ്റത്തിൽ 200 മീറ്ററിലേറെ കരയാണ് കടലെടുത്തത്. കാലവർഷം ആരംഭിക്കുന്നതിനു മുമ്പ് പുലിമുട്ട് നിർമാണം പൂർത്തീകരിക്കണമെന്നാണ് തീരദേശ വാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.