പയ്യന്നൂർ: ഇരുവിഭാഗവും വിട്ടുവീഴ്ച ചെയ്യുകയും സഹകരിക്കുകയും ചെയ്തതോടെ മലയോര പട്ടണമായ മാതമംഗലത്തെ ചുമട്ടുതൊഴിലാളികളും കടയുടമയും തമ്മിലുള്ള തർക്കത്തിൽ മഞ്ഞുരുക്കം. തിരുവനന്തപുരത്ത് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് തർക്കത്തിന് ശുഭാന്ത്യമായത്. ഇതോടെ ഏതാനും ദിവസമായി സംഘർഷാന്തരീക്ഷമുണ്ടായ ടൗൺ സമാധാനപാതയിലെത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് പേരൂൽ റോഡിൽ എസ്.ആർ അസോസിയറ്റ് എന്ന പേരിൽ ഹാർഡ് വെയർ ഷോപ് ആരംഭിച്ചതോടെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തത്. ഇവിടെ കയറ്റിറക്കത്തിന് ചുമട്ടുതൊഴിലാളികൾക്കുപകരം കടയിലെ ജീവനക്കാരെ ഉപയോഗപ്പെടുത്തിയതാണ് പ്രശ്നത്തിന് തുടക്കം. ഇതിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ രംഗത്തെത്തി.
ഉടമ ഹൈകോടതിയെ സമീപിച്ചതോടെ സ്വന്തം നിലയിൽ കയറ്റിറക്ക് നടത്താൻ കോടതി അനുമതി നൽകി. ഇതാണ് തൊഴിലാളികളെ കൂടുതൽ പ്രകോപിപ്പിച്ചത്. ആദ്യത്തെ സമരം അവസാനിപ്പിച്ച സി.ഐ.ടി.യു പ്രവർത്തകർ കഴിഞ്ഞ ഡിസംബർ 23 മുതൽ കടക്കുമുന്നിൽ വീണ്ടും സമരം തുടങ്ങി. കടയിലേക്കുള്ള ലോഡ് ഇറക്കുന്നത് ഇതോടെ മുടങ്ങി. ഒപ്പം ഉപഭോക്താക്കളെ തൊഴിലാളികൾ ഭീഷണിപ്പെടുത്തി മടക്കിയയക്കുന്നതായും കടയുടമ ആരോപിച്ചു.
ഇതിനിടയിൽ വിലക്ക് അവഗണിച്ച് സാധനം വാങ്ങാനെത്തിയ യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഫ്സലിന് മർദനമേറ്റു. തുടർന്ന് ഉടമ റാബി മുഹമ്മദിനും അഫ്സലിന്റെ സഹോദരിക്കുംനേരെ ആക്രമണ ശ്രമമുണ്ടായതായി പരാതിയുയർന്നു. ഇതോടെ വിഷയം സി.പി.എമ്മും മുസ്ലിം ലീഗും തമ്മിലുള്ള സംഘർഷമായി വളരുന്ന നിലയിലെത്തി. ഇതോടെ ഉടമക്ക് സ്ഥാപനം അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായി. പ്രശ്നം മാധ്യമങ്ങൾ ഏറ്റെടുത്തതോടെയാണ് മന്ത്രിമാർ ഇടപെട്ടതും പ്രശ്നപരിഹാരത്തിന് വഴിതുറന്നതും.
പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ രണ്ടുതവണ ഇരുവിഭാഗങ്ങളെയും വിളിച്ച് ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാനായില്ല. തൊഴിലാളികളുടെ കടുംപിടുത്തമാണ് തടസ്സമായതെന്ന് ഉടമ പറഞ്ഞു. എന്നാൽ, ഇതേ വാദം മറുവിഭാഗവും നിരത്തിയതോടെ സമവായം അകലെയായി. അതേസമയം, കടയുടമയും തൊഴിലാളികളും തമ്മിൽ നടക്കുന്ന പ്രശ്നം ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും അതിന് ശ്രമിക്കുമെന്നും സി.ഐ.ടി.യു പെരിങ്ങോം ഏരിയ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. പ്രശ്ന പരിഹാരത്തിന് തയാറാണെന്ന് ഉടമയും വ്യക്തമാക്കി. ഈ വിട്ടുവീഴ്ചാമനസ്സാണ് ഇപ്പോഴത്തെ മഞ്ഞുരുക്കത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.