ഇരിട്ടി: മലയോരത്ത് വരൾച്ച രൂക്ഷം. ഇതിന്റെ നേർക്കാഴ്ചയാണ് അയ്യൻകുന്നിലെ വറ്റി വരണ്ട കുണ്ടൂർ പുഴ. പുഴയിൽ ഇപ്പോൾ ചെറുനീർച്ചാലുകൾപോലും ഇല്ല. നാലുമാസം മുമ്പ് പുഴ കര കവിഞ്ഞിരുന്നു. കേരളം, കർണാടക വനാതിർത്തിയിൽനിന്ന് ഉത്ഭവിച്ച് അയ്യൻകുന്നിലെ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കി ബാരാപോൾ പുഴവഴി വളപട്ടണം പുഴയിലേക്ക് ഒഴുകുന്നതാണ് പുഴ. ഒരാഴ്ച പിന്നിടുന്നതോടെ പ്രശ്നം കൂടുതൽ രൂക്ഷമാവും. മുൻ വർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ കുറേശ്ശയാണെങ്കിലും ഒഴുകിയിരുന്ന പുഴയുടെ ഇന്നത്തെ അവസ്ഥ ആശങ്കയാണ് ഉണ്ടാക്കുന്നത്. ജനുവരി ആദ്യവാരംതന്നെ ഒഴുക്ക് കുറഞ്ഞിരുന്നു.
മലയോരത്തെ പ്രധാന പുഴകളിലെല്ലാം നീരൊഴുക്ക് നേർത്തു. കക്കുവ പുഴയിൽ വെള്ളം കുറഞ്ഞതോടെ ആദിവാസികൾ താമസിക്കുന്ന ആറളം ആദിവാസി പുനരധിവാസമേഖല രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. മുൻകാലങ്ങളിലൊന്നും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ആറളം ഫാം, വിയറ്റ്നാം, കക്കുവ, കൊക്കോട്, ആറളം, കീഴ്പ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ പുഴയുടെ നീരൊഴുക്കിനെ ആശ്രയിച്ചാണ് വീടുകളിലെ കിണറുകളിലെ ജലനിരപ്പ്. പുഴ വെള്ളം വറ്റിയതോടെ കിണർ വെള്ളവും വറ്റിത്തുടങ്ങി. പുഴയിൽ തടയണ നിർമിച്ച് വെള്ളം കെട്ടി നിർത്താൻ നടത്തിയ ശ്രമവും പാഴായി. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ നേതൃത്വത്തിൽ പുഴയിൽ നിർമിച്ച നൂറിലധികം തടയണകളാണ് നോക്കുകുത്തിയായത്. പുഴയുടെ ജലസാമീപ്യം പ്രതീക്ഷിച്ച് കൃഷിയിറക്കിയ കർഷകരുടെ പച്ചക്കറിയും വാഴകൃഷികളും കരിഞ്ഞുണങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.