കണ്ണൂർ: സർക്കാർ പദ്ധതിയനുസരിച്ച് സ്കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി നൽകുന്ന ഹോമിയോ മരുന്ന് വിഷമാണെന്ന് പ്രചരിപ്പിക്കുന്ന ഐ.എം.എ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ക്യുഫ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന 'ആർസനിക്കം ആൽബം' എന്ന ഹോമിയോ പ്രതിരോധ മരുന്ന് കുട്ടികൾക്ക് കൊടുക്കരുതെന്നാണ് ഐ.എം.എ പറയുന്നത്. ഭൂരിപക്ഷം അലോപ്പതി മരുന്നുകളും ഗുരുതര പാർശ്വഫലങ്ങൾ ഉള്ളവയാണെന്നും പ്രചാരത്തിലുള്ള പല അലോപ്പതി മരുന്നുകളും കേന്ദ്ര സർക്കാർ ഇടക്കിടെ നിരോധിക്കുന്നുവെന്നതുമായ വസ്തുത നിലനിൽക്കെയാണ് ഹോമിയോപ്പതി മരുന്നുകളെക്കുറിച്ച് ഒന്നുമറിയാതെയുള്ള ഈ കള്ള പ്രചാരണമെന്നും ഭാരവാഹികൾ ആരോപിച്ചു.
ആർസനിക്കം ആൽബം അല്ല, ആർസനിക്കം ആൽബം 30 ആണ് കുട്ടികൾക്ക് പ്രതിരോധ മരുന്നായി നൽകുന്നത്. ഇത് രണ്ടും രണ്ടു മരുന്നുകളാണ്. കുട്ടികൾക്ക് നൽകുന്ന മരുന്ന് ഒരു പാർശ്വഫലങ്ങളുമില്ലെന്ന് തെളിയിക്കപ്പെട്ടതുമാണ്. ഇതേ മരുന്നാണ് സർക്കാറിെൻറ ഹോമിയോ ആശുപത്രികളിൽ വർഷങ്ങളായി നൽകിവരുന്നത്. 'കരുതലോടെ മുന്നോട്ട്' എന്ന സർക്കാർ പദ്ധതിക്ക് തുരങ്കം വെക്കാനാണ് ഐ.എം.എ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പദ്ധതി അട്ടിമറിക്കാനും ശ്രമിക്കുന്ന ഐ.എം.എക്കെതിരെ കർശന നിയമ നടപടി കൈക്കൊള്ളണമെന്ന് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ക്യുഫ (ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപ്പത്സ് അസോസിയേഷൻ) സംസ്ഥാന ജന. സെക്രട്ടറി ഡോ. കെ. അശ്വിൻ, മുൻ സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ആഷിഖ്, മുൻ സംസ്ഥാന സെക്രട്ടറി ഡോ. സുഭാഷ്, കണ്ണൂർ ചാപ്റ്റർ സെക്രട്ടറി ഡോ. ബിന്ദു ജയൻ, എക്സി. കമ്മിറ്റി അംഗം ഡോ. മനോജ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.