കേളകം: ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷം അടക്കാത്തോട് മിനി ജലവൈദ്യുതി പദ്ധതി നിർമാണ ഘട്ടത്തിലേക്ക് അടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി കരിയംകാപ്പിൽ പവർ ഹൗസ് നിർമിച്ച് മൂന്നു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഏകദേശം 120 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൊതുസ്വകാര്യ സംയുക്ത സംരംഭമായാണ് നിർമിക്കുന്നത്. ചെന്നൈയിലെ ശ്രീ ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡാണ് നിർമാണകരാർ എടുത്തിരിക്കുന്നത്. വനം വകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാനുണ്ട്. വൈദ്യുതി ഉൽപാദന രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള സർക്കാറിന്റ തീരുമാനപ്രകാരമാണ് അടക്കാത്തോട് പദ്ധതി സജീവ പരിഗണനയിലേക്ക് വരുന്നത്.
സർക്കാർ നിർദേശപ്രകാരം 2023 ഒക്ടോബർ 20ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പദ്ധതിക്ക് വനം വകുപ്പിന്റെ ക്ലിയറൻസ് ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത്, വനം വകുപ്പ്, ശരവണ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ സംയുക്ത പരിശോധന പദ്ധതി പ്രദേശമായ കരിയം കാപ്പിലും നടന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ തുടർനടപടികളിൽ ഇടപെടലുകൾ നടക്കുന്നുണ്ട്.
ചീങ്കണ്ണിപ്പുഴയിലെ രാമച്ചി ഭാഗത്ത് തടയണ കെട്ടി പെൻസ്റ്റോക്ക് വഴി വെള്ളം കരിയംകാപ്പിൽ നിർമിക്കുന്ന പവർ ഹൗസിലെത്തിച്ച് മൂന്നു മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററാണ് പദ്ധതിയുടെ നോഡൽ ഏജൻസി. പദ്ധതി പൂർത്തിയാക്കി പ്രവർത്തിപ്പിച്ച് 30 വർഷം കഴിയുമ്പോൾ സർക്കാറിന് കൈമാറുന്ന രീതിയിലാണ് കരാർ. പദ്ധതി ലക്ഷ്യത്തോടടുക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ പുരോഗമിക്കുകയാണെന്നും പദ്ധതിക്കായി വനംവകുപ്പിന്റെ അനുമതി ലഭിക്കാനുണ്ടെന്നും കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.