കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് സർവിസ് നടത്താനുള്ള അനുമതി (പോയന്റ് ഓഫ് കോള്‍ പദവി) നിഷേധിക്കുന്ന നിലപാടിൽ അയവില്ലാതെ കേന്ദ്രസർക്കാർ. മെട്രോ നഗരമല്ലാത്തതിനാൽ പോയന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന വിചിത്ര നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രം.
സമാനമായ ഗോവയിലെ മോപ്പ വിമാനത്താവളത്തിന് വിദേശവിമാനക്കമ്പനികൾക്ക് സർവിസ് നടത്താൻ അനുമതി കഴിഞ്ഞവർഷം നൽകിയിട്ടും കണ്ണൂരിനോടുള്ള വിവേചനം തുടരുകയാണ്. തുടർച്ചയായി രണ്ട് തവണ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ വിമാനത്താവളത്തെ തിരഞ്ഞെടുത്തിട്ടും ഇക്കാര്യത്തിൽ മാത്രം കേന്ദ്രം മുഖംതിരിച്ച് നിൽക്കുകയാണ്. വിമാനത്താവളം സ്ഥാപിച്ചതു മുതൽ വിമാനത്താവള ഉടമകളായ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (കിയാൽ) അധികൃതർ പോയന്റ് ഓഫ് കോൾ പദവിക്കായി വ്യോമയാന മന്ത്രാലയത്തിൽ അപേക്ഷ നൽകിയിരിക്കുകയാണ്.
കണ്ണൂരിൽനിന്നുള്ള എം.പിമാർ പാർലിമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിക്കുമ്പോഴും വിദേശകമ്പനികൾക്ക് സർവിസ് നടത്താനുള്ള അനുമതി നൽകില്ലെന്ന് ആവർത്തിക്കുകയാണ് കേന്ദ്രമന്ത്രിമാർ. പോയിന്റ് ഓഫ് കോൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും പൂർത്തിയാക്കി വർഷങ്ങൾക്കു മുമ്പേ കേന്ദ്ര സർക്കാറിന് സമർപ്പിച്ചതാണ്. പ്രധാനമന്ത്രിയുടെ ഓഫിസിലാണ് ഇതുസംബന്ധിച്ച ഫയൽ ഇപ്പോഴുള്ളത്. അതിനാൽ, ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ നിലപാട് നിർണായകമാണ്.
ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂരിനെ തിരഞ്ഞെടുത്ത വേളയിൽ വിദേശവിമാനക്കമ്പനികളുടെ സർവിസ് എന്ന പ്രശ്നത്തിന് പരിഹാരമാവുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി നിലനിർത്തികൊണ്ടു തന്നെ പോയന്റ് ഓഫ് കോൾ വിഷയത്തിൽ മുൻനിലപാടിൽനിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയില്ല. ഒരുപരിധിക്കപ്പുറം ഈ വിഷയത്തിൽനിന്ന് കേന്ദ്രത്തിന് മാറി നിൽക്കാൻ കഴിയില്ലെന്നും ഗോവക്ക് നൽകിയപോലെ നിബന്ധനകളോടെ പ്രത്യേകാനുമതി നൽകുമെന്നാണ് കിയാൽ അധികൃതരുടെ പ്രതീക്ഷ. എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ കമ്പനികൾ മാത്രമാണ് നിലവിൽ കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.