കണ്ണൂർ: കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വോട്ടുറുപ്പിക്കാൻ ഓട്ടപ്പാച്ചിലുമായി മുന്നണികൾ. കലാശകൊട്ടിലേക്ക് കടക്കാനൊരുങ്ങുംമുമ്പേ നാടിളക്കിയുള്ള പ്രചാരണത്തിലാണ് മുന്നണികൾ. കണ്ണൂർ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ജയരാജന്റെയും യു.ഡി.എഫിലെ കെ. സുധാകരന്റെയും പൊതുപര്യടനം സമാപിച്ചു.
21 ദിവസം നീണ്ട പൊതുപര്യടനവും ആദ്യഘട്ടത്തിൽ 21 ദിവസം നടന്ന പര്യടനവും ഉൾപ്പെടെ നീണ്ട 42 ദിവസത്തെ പര്യടനമാണ് എം.വി. ജയരാജൻ നടത്തിയത്. ചൊവ്വാഴ്ച തളിപ്പറമ്പിൽനിന്ന് വൻകുളത്ത് വയലിലേക്ക് ജയരാജൻ റോഡ് ഷോ നടത്തും.
സുധാകരൻ കലാശക്കൊട്ട് ദിനമായ 24നും റോഡ് ഷോയുമായി പ്രചാരണത്തിനിറങ്ങും. ഉച്ച 2.30ന് കണ്ണൂര്‍ സിറ്റി, 3.30ന് കണ്ണൂര്‍ ചേംബര്‍ ഹാള്‍, 4.30ന് സ്റ്റേഡിയം കോര്‍ണര്‍, വൈകീട്ട് 5.30ന് ഫോര്‍ട്ട് റോഡ് സ്റ്റേറ്റ് ബാങ്ക് ജങ്ഷനില്‍ പ്രവര്‍ത്തകരുടെ കൂടെ കലാശക്കൊട്ടിൽ എത്തിച്ചേരും. വടകര പാർലമന്റെ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും തലശ്ശേരിയിൽ നടക്കുന്ന കൊട്ടിക്കലാശത്തിൽ പങ്കെടുക്കും.
പരമാവധി പ്രവര്‍ത്തകരെയും നേതാക്കളെയും അണിനിരത്തി ശക്തിപ്രകടനമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. എം.വി. ജയരാജന്റെ കലാശക്കൊട്ട് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച് മുത്തപ്പൻ കാവ്, റെയിൽവേ സ്റ്റേഷൻ, മുനീശ്വരൻ കോവിൽ, പഴയ ബസ് സ്റ്റാൻഡുവഴി കാൽടെക്സ് ജങ്ഷനിൽ സമാപിക്കും.
പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് ക്യാമ്പിനെ ഇളക്കി മറിച്ചാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തിയത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ യു.ഡി.എഫിനായി ഗോദയിലിറങ്ങി.
സംഘടന സംവിധാനങ്ങളെല്ലാം ഉപയോഗിച്ചുള്ള പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ തുടങ്ങിയവർ എൽ.ഡി.എഫിനായും പ്രചരണത്തിനിറങ്ങി. എൻ.ഡി.എക്കായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ രംഗത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.