ഇരിട്ടി: നാടൻപാട്ടിനെ നെഞ്ചോടു ചേർത്ത മലയോരത്തിന്റെ പ്രിയപ്പെട്ട കലാകാരിക്ക് നാടൻപാട്ടിന്റെ രാജകുമാരന്റെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം. പുന്നാട് സ്വദേശിയും നാടൻപാട്ട് കലാകാരിയുമായ അനുശ്രീക്കാണ് പ്രശസ്ത സിനിമാതാരവും നാടൻപാട്ട് കലാകാരനുമായിരുന്ന കലാഭവൻ മണിയുടെ പേരിൽ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്.
അന്യംനിന്നുപോകുമായിരുന്ന നാടൻപാട്ടുകളെ പ്രേക്ഷകരുടെ ചുണ്ടുകളിലേക്ക് പകർന്നുനൽകിയ പ്രിയപ്പെട്ട കലാകാരൻ കലാഭവൻ മണിയുടെ പേരിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാഭവൻ മണി ഫൗണ്ടേഷനാണ് ഓടപ്പഴം എന്ന പേരിൽ നാടൻപാട്ട് കലാകാരന്മാർക്കായി പുരസ്കാരം ഏർപ്പെടുത്തിയത്. ചെറുപ്പം മുതലേ നാടൻപാട്ടിനോട് ആഭിമുഖ്യം പുലർത്തിയിരുന്ന അനുശ്രീ സ്കൂൾ തലങ്ങളിൽതന്നെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അച്ഛൻ ശശി പണിക്കർ നടത്തുന്ന പുന്നാട് പൊലിക എന്ന നാടൻപാട്ട് ഗ്രൂപ്പിലെ പ്രധാന ഗായികയാണ് അനുശ്രീ. ഇതിനകം നിരവധി വേദികളിൽ നാടൻപാട്ട് അവതരിപ്പിച്ചിട്ടുള്ള അനുശ്രീ നിരവധി നാടൻപാട്ട് മത്സര പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. എങ്കിലും നാടൻപാട്ട് ഇത്രയേറെ ജനകീയമാക്കിയ പ്രിയ കലാകാരൻ കലാഭവൻ മണിയുടെ പേരിലുള്ള പുരസ്കാരം ലഭിച്ചത് മികച്ച അംഗീകാരമായി കണക്കാക്കുന്നതായി അനുശ്രീ പറഞ്ഞു. സഹോദരൻ അമലും നാടൻപാട്ട് കലാകാരനാണ്.
ശശി പണിക്കർ-ശ്രീജ ദമ്പതികളുടെ ഇളയ മകളായ അനുശ്രീ മീത്തലെ പുന്നാട് യു.പി സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്യുന്നു. ജോലിക്കിടയിലും തനിക്ക് ലഭിച്ച ഈ കഴിവിനെ പരിപോഷിപ്പിച്ച് കൂടുതൽ പേരിലേക്ക് പകർന്നുനൽകാനുള്ള ശ്രമമാണ് അനുശ്രീ ഇപ്പോൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.