തളിപ്പറമ്പ്: ആടിക്കുംപാറയിൽ വാട്ടർ അതോറിറ്റിയുടെ കൂറ്റൻ ജലസംഭരണി അഞ്ചാം തവണയും നിറഞ്ഞൊഴുകി വൻ നാശനഷ്ടം. നാലുവീടുകളിൽ ചളിവെള്ളം കയറുകയും കുഴൽക്കിണർ മലിനമാകുകയും വളർത്തു കോഴികൾ ചത്തൊടുങ്ങുകയും ചെയ്തു. വ്യാഴാഴ്ച പുലർച്ച ഒരു മണിയോടെയാണ് സംഭവം. മുമ്പ് സംഭവിച്ചതു പോലെ കാവൽക്കാരൻ ഉറങ്ങിപ്പോയതാണ് ടാങ്ക് നിറഞ്ഞൊഴുകാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. രാജരാജേശ്വര ക്ഷേത്രത്തിന് സമീപം ആടിക്കുംപാറ കുന്നിന് മുകളിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ സംഭരണ ടാങ്കിൽ നിന്നും ശക്തമായ ഒഴുകിയെത്തിയ വെള്ളം സമീപത്തെ ഇബ്രാഹിംകുട്ടിയുടെ ഉൾപ്പെടെ നിരവധി പേരുടെ വീട്ടുവളപ്പിൽ പ്രളയ സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.
ഇബ്രാഹിംകുട്ടിയുടെ വീടിനുസമീപത്തെ ഒരു സ്ത്രീ മഴ പെയ്യുന്ന പോലെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കുത്തിയൊലിച്ച് വെള്ളം വരുന്നതുകണ്ടത്. ഇതിനുശേഷമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വിവരമറിയിച്ചതിനെ തുടർന്ന് പൈപ്പ് ഓഫാക്കിയത്. ഇബ്രാഹിമിന്റെ വീട്ടുവളപ്പിൽ രണ്ടടിയിലേറെ ചെളിവെള്ളം നിറഞ്ഞു. ഗേറ്റ് തകരുകയും വീട്ടുമുറ്റത്തെ കുഴൽകിണറിലേക്ക് ചെളി നിറഞ്ഞ് ഉപയോഗശൂന്യമാകുകയും കൂട്ടിലുണ്ടായിരുന്ന കോഴികൾ ചാകുകയും ചെയ്തു. വെള്ളത്തിന്റെ ശക്തിയിൽ വീടിന് പിൻവശത്തെ മതിൽ തകർന്നതോടെയാണ് വെള്ളം ഒഴുകിപ്പോയത്. മുമ്പ് നാലുതവണ ഇതുപോലെ ടാങ്ക് നിറഞ്ഞൊഴുകിയിരുന്നു. തക്ക സമയത്ത് കണ്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഇത് രണ്ടാം തവണയാണ് പ്രളയ സമാനമായ രീതിയിൽ വെള്ളവും മണ്ണും ഒഴുകിയെത്തുന്നത്.
ഓട്ടോമാറ്റിക്കായി ഓഫ് ആകുന്ന സംവിധാനം ഇടിമിന്നലിൽ നശിച്ചു പോയതിന് പകരം പുതിയത് സ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പു നൽകിയെങ്കിലും അത് പാലിക്കാത്തതാണ് ഇപ്പോൾ വീണ്ടും ടാങ്ക് നിറഞ്ഞൊഴുകി നാശനഷ്ടം ഉണ്ടാകാനിടയായത്. ശക്തമായ വെള്ളം ഒഴുകിയെത്തിയത് കാരണം റോഡ് മുഴുവൻ തകർന്നിരിക്കുകയും ചെളിയും വെള്ളവും നിറഞ്ഞ് കാൽ നടയാത്രക്കുപോലും പറ്റാത്ത സ്ഥിതിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.