കേളകം: പാറകളിൽ തല്ലിച്ചിതറിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയും മലമുകളിൽനിന്ന് ആർത്തലച്ചുവീഴുന്ന രാമച്ചി (ചാവച്ചി), മീൻമുട്ടി വെള്ളച്ചാട്ടങ്ങളും പച്ചപുതച്ച വനഗാംഭീര്യവുമെല്ലാമായി കുളിരൂറുന്ന കാഴ്ചകളുമായി ആറളം വന്യജീവി സങ്കേതം. വൈവിധ്യമാർന്ന സസ്യലതാദികളും പക്ഷി-മൃഗസഞ്ചയവും ഇവിടേക്ക് പഠനസംഘങ്ങളെയും സഞ്ചാരികളെയും ആകർഷിക്കുന്നു. കണ്ണൂരിന്റെ ജീവരേഖയാണ് ആറളം വന്യജീവിസങ്കേതം. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന അപൂർവ സസ്യയിനങ്ങളാലും ജീവിവർഗങ്ങളാലും സമ്പന്നമാണ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ആറളം.
വൈവിധ്യങ്ങളുടെ കലവറയാണ് പശ്ചിമഘട്ടം ഇവിടെയൊരുക്കിയത്. നിത്യഹരിതവനം, ഇലപൊഴിയും കാട് എന്നിങ്ങനെ വൈവിധ്യമാർന്ന വനമേഖല ഉൾക്കൊള്ളുന്നതാണ് ഈ വന്യജീവിസങ്കേതം. 1984ൽ ആണ് ആറളത്തെ വന്യജീവിസങ്കേതമായി പ്രഖ്യാപിച്ചത്. അതുവരെ ആറളം ഫാമിന്റെ ഭാഗമായിരുന്നു ഈ വനപ്രദേശം. 55 ചതുരശ്ര കിലോമീറ്ററിൽ (5500 ഹെക്ടറിൽ) വ്യാപിച്ചുകിടക്കുകയാണിത്. സൈലന്റ് വാലി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട വനമേഖലയാണിത്. ആറളത്തിന്റെ വൈവിധ്യങ്ങൾ ഇവിടേക്ക് സഞ്ചാരികളെയും ഗവേഷകരെയും പക്ഷി, ശലഭ നിരീക്ഷകരെയും ആകർഷിക്കുന്നു. കേരളത്തിലെ ശ്രദ്ധേയമായ പക്ഷിസങ്കേതവും ശലഭ സങ്കേതവും കൂടിയാണ് ഇന്ന് ആറളം. മിക്കയിനം മൃഗങ്ങളും ആറളത്തുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടിത്തേവാങ്കുകളെ കാണുന്നതും ഇവിടെത്തന്നെ. 23 വർഷമായി എല്ലാവർഷവും ജനുവരിയിൽ ശലഭ സർവേയും മാർച്ചിൽ പക്ഷി സർവേയും നടത്തുന്ന രാജ്യത്തെ അപൂർവം വന്യജീവി സങ്കേതങ്ങളിലൊന്നുകൂടിയാണിവിടം. ലോകത്തിലെ 34 ജൈവ വൈവിധ്യ കലവറകളിൽ ഒന്നായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ആറളം. കാട്ട് പോത്ത്, കരടി, കടുവ, പുലി, ചെന്നായ, സിംഹവാലൻ കുരങ്ങ് വിവിധയിനം മാനുകൾ ഉൾപ്പെടെ 49 ഇനം സസ്തനികളും, 245 ഇനം പക്ഷികളും, 53 ഇനം ഉരഗ ജീവികളും, 38 ഇനം ഉഭയ വർഗങ്ങളും, 240 ഇനം ചിത്ര ശലഭങ്ങളും, 40 ഇനം മത്സ്യങ്ങളും ഉള്ള ആറളം വനമേഖല ദക്ഷിണേന്ത്യയിലെ സുപ്രധാന പരിസ്ഥിതി കേന്ദ്രമായാണ് കണക്കാക്കുന്നത്. 962 ഇനം സസ്യങ്ങളാണുള്ളത്.
മൺസൂൺ ടൂറിസം ലക്ഷ്യമിട്ട് ദിനേന നിരവധി സന്ദർശകരാണ് ആറളത്തെത്തുന്നത്. ഇവർക്കായി വിപുലമായ സൗകര്യവും വനം - വന്യജീവി വകുപ്പ് ഒരുക്കിയിട്ടുണ്ട്. എന്നാൽ കനത്ത മഴയിൽ മൺപാതകൾ തകർന്നതിനാൽ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് ഇപ്പോൾ എത്താനാവില്ല. വനമധ്യേയുള്ള പൊത്തൻ പ്ലാവ് വാച്ച് ടവർ വരെയാണ് ഇപ്പോൾ സഞ്ചാരികൾക്ക് പ്രവേശന അനുമതി. മഴ ശമിക്കുന്നതോടെ വെള്ളച്ചാട്ടത്തിലേക്കുള്ള പാതയുടെ അറ്റകുറ്റപ്പണികൾ തീർത്ത് സഞ്ചാരികൾക്ക് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.