കേളകം: കേളകം പഞ്ചായത്തിലെ രാമച്ചിയിൽ വീണ്ടും ആയുധധാരികളായ മാവോവാദി സംഘം എത്തി. രാമച്ചിയിലെ കണക്കുംചേരി സണ്ണിയുടെ വീട്ടിലാണ് അഞ്ചംഗ മാവോവാദി സംഘം എത്തിയത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയെത്തിയ സംഘം ഭക്ഷണം കഴിച്ച് 10.45ഓടെ തിരിച്ചുപോയി. ആയുധധാരികളായ പുരുഷന്മാരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. സംഭവത്തെത്തുടർന്ന് മേഖലയിൽ തണ്ടർബോൾട്ട് സേന തിരച്ചിൽ നടത്തി. രാമച്ചി കോളനിയിലും സമീപപ്രദേശങ്ങങ്ങളിലുമാണ് മാവോവാദികൾക്കായി തിരച്ചിൽ നടത്തിയത്. ആറളം കൊട്ടിയൂർ വനത്തിലും ആറളം ഫാമിലും വയനാട്-കണ്ണൂർ അതിർത്തി പ്രദേശങ്ങളിലും ഹെലികോപ്ടറിൽ വ്യോമ നിരീക്ഷണവും നടത്തി.
കൊട്ടിയൂർ, വയനാട് അതിർത്തി വനപ്രദേശങ്ങൾ, പ്രധാന പാതകൾ എന്നിവിടങ്ങളിലും മാവോവാദി സംഘം എത്താൻ സാധ്യതയുള്ള കോളനി പ്രദേശങ്ങളിലെല്ലാം പരിശീലനം നേടിയ തണ്ടർബോൾട്ട് സേനയും ലോക്കൽ പൊലീസും വിവിധ അന്വേഷണ ഏജൻസികളും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മുമ്പ് മാവോവാദി സംഘങ്ങൾ എത്തിയിട്ടുള്ള സ്ഥലങ്ങളിലെല്ലാം നിരീക്ഷണം ഏർപ്പെടുത്തി. കൂടാതെ വാഹന പരിശോധനയും പൊലീസ് ഊർജിതമാക്കി.
മാവോവാദി സംഘങ്ങള്‍ കേരളത്തെ ലക്ഷ്യമിടുന്നതായി കേന്ദ്ര ഏജന്‍സികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദിവാസി വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സ്വാധീനമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. ആഴ്ചകൾക്കു മുമ്പ് വയനാട് ജില്ലയിലെ തലപ്പുഴ കമ്പമലയിൽ മാവോവാദികൾ കെ.എഫ്.ഡി.സി ഓഫിസ് ആക്രമിക്കുകയും കമ്പ്യൂട്ടറുകളും ജനൽചില്ലുകളും തകർക്കുകയും ചെയ്ത സംഭവത്തെത്തുടർന്ന് വയനാട്-കണ്ണൂർ അതിർത്തി പ്രദേശങ്ങൾ കനത്ത പൊലീസ് ജാഗ്രതയിലാണ്.
കമ്പമലയിലെത്തിയ സംഘമാണ് രാമച്ചിയിൽ എത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാമച്ചിയിലെത്തിയ സംഘം വയനാട് മേഖലയിലേക്ക് മടങ്ങിയതായാണ് പൊലീസ് നിഗമനം. കണ്ണൂരിന്റെ മലയോര മേഖലയിൽ മാവോവാദി സംഘങ്ങൾ നിരന്തരം എത്തി മടങ്ങുന്ന സംഭവം അതീവ ഗൗരവത്തോടെയാണ് ആഭ്യന്തര വകുപ്പ് നിരീക്ഷിക്കുന്നത്. സംഭവ വികാസങ്ങൾ മനസ്സിലാക്കി വിവിധ അന്വേഷണ ഏജൻസികൾ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മാവോവാദികളെ വലയിലാക്കാൻ ശക്തമായ നടപടികളുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.