കേളകം: ആറളം ഫാമിനെ സ്വയംപര്യാപ്തയിലെത്തിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ഫാമിലെ ആന മതിൽ നിർമാണം, മറ്റു വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരും തൊഴിലാളി യൂനിയൻ നേതാക്കളും തൊഴിലാളികളുമായി നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആന മതിൽ നിർമിക്കുന്നതിന് 53.23 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടി പൂർത്തിയാക്കിയതായും പൊതുമരാമത്ത് ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കരാറുകാരൻ എഗ്രിമെന്റ് ഒപ്പുവെക്കുന്നതോടെ 15 ദിവസത്തിനകം പ്രവൃത്തി ആരംഭിക്കും.
മതിൽ നിർമാണത്തിന് മുന്നോടിയായുള്ള മരംമുറിക്കൽ നടപടികളും ഉടൻ പൂർത്തിയാക്കും. 400 ഓളം മരങ്ങളാണ് മുറിച്ച് മാറ്റാനുള്ളത്. നബാർഡിന്റെ ധനസഹായത്തോടെ ഫാമിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ പ്രവൃത്തി ആഗസ്റ്റോടെ പൂർത്തീകരിക്കുമെന്ന് കിറ്റ്കോ പ്രതിനിധി അറിയിച്ചു. 22 കെട്ടിടങ്ങൾ, രണ്ട് പാലങ്ങൾ, മൂന്ന് റോഡുകൾ, വേലി എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നത്. ഇതിൽ റോഡുകൾ പൂർത്തിയായി. പാലങ്ങളും കെട്ടിടങ്ങളും ഒരു മാസത്തിനകം പൂർത്തിയാക്കും. ഫാമിന്റെ ഭരണ നിർവഹണം കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥിരം എം.ഡിയെ നിയമിക്കണമെന്നും യൂനിയൻ പ്രതിനിധികൾ പറഞ്ഞു. ജീവനക്കാർക്കുള്ള എട്ടു മാസത്തെ ശമ്പള കുടിശ്ശിക, 22മാസത്തെ ഗ്രാറ്റിവിറ്റി കുടിശ്ശിക, മറ്റുസാമ്പത്തിക ബാധ്യതകൾ, കരാർതൊഴിലാളി വേതന കുടിശ്ശിക തുടങ്ങിയ വിഷയങ്ങളും പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി പ്രതികരിച്ചു.
ഫാമിനുള്ളിൽ എട്ട് പ്ലോട്ടുകളിലായി 45 ഏക്കറോളം വനഭൂമിയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മന്ത്രിയുടെ ചോദ്യത്തിനുത്തരമായി അറിയിച്ചു. ഫാമിലെ വനഭൂമി ഫാമിന് കൈമാറാനും പകരം റിസർവ് ഫോറസ്റ്റിനോട് ചേർന്ന തുല്യ വിസ്തീർണ്ണമുളള ഫാമിന്റെ ഭൂമി വനംവകുപ്പിന് നൽകാനുള്ള ഉന്നതതല യോഗതീരുമാനം നടപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. ആന മതിൽ നിർമാണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വാളത്തോട് പ്രദേശവും മന്ത്രി സന്ദർശിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കലക്ടർ എസ്. ചന്ദ്രശേഖർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ. മേഘശ്രീ, യൂനിയൻ നേതാക്കളായ കെ.കെ. ജനാർദനൻ, കെ.ശ്രീധരൻ, മറ്റ് ഉദ്യോഗസ്ഥർ, ജീവനക്കാർ,തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.