കേളകം: ചക്ക കേരളത്തിന്റെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ സംസ്കരണത്തിനും വിപണനത്തിനും സംഭരണത്തിനും നടപടിയുണ്ടായില്ല. ഇതു മൂലം ഏറെ വിപണി സാധ്യതയുള്ള ചക്ക ഇത്തവണയും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ആഭ്യന്തര ആവശ്യത്തിനും കയറ്റുമതിക്കുമായി, രണ്ടാം കല്‍പവൃക്ഷമെന്ന് അറിയപ്പെടുന്ന ചക്കയില്‍ നിന്ന് നൂതനമായി വികസിപ്പിച്ചെടുത്ത വൈവിധ്യമാര്‍ന്ന മൂല്യവര്‍ധിത ഉല്പന്നങ്ങൾ നിലവിലുണ്ട്. ചക്ക ഹല്‍വ, ചക്ക ചമ്മന്തിപ്പൊടി, ചക്ക അച്ചപ്പം, ചക്ക പപ്പടം, ചക്ക കൊണ്ടാട്ടം, ചക്കമടല് അച്ചാര്‍, സ്ക്വാഷ് തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്.
ജാക്ക് ഫ്രൂട്ട് കുക്കീസ്, മധുരിക്കുന്ന ചക്കപ്പഴം സ്നാക്ക്, സ്പൈസി ജാക്ക് ഫ്രൂട്ട് സ്നാക്ക്, ജാക്ക് ഫ്രൂട്ട് ഫ്ലവേര്ഡ് സോയാമീറ്റ്, ചക്ക അച്ചാര്‍, പാക്കറ്റിലാക്കിയ ഗ്രീന്‍ ഫ്രൂട്ട് ചക്കക്കറി, വൈറ്റ് ജാക്ക് ഫ്രൂട്ട് കറി, ചക്കക്കുരുപൊടി, ചക്കക്കുരു കോഫി, ചക്ക ജാം, ചക്ക സിറപ്പ് എന്നിവ മുന്തിയ നിലവാരത്തില്‍ പാക്കറ്റുകളിലാക്കിയാണ് ശ്രീലങ്കയിൽ ചക്കയുടെ ഉൽപന്നങ്ങളെ വിപണനം ചെയ്യുന്നത് .
ഇത്തരത്തിൽ ചെറുകിട സംരംഭകര്‍ക്ക് കരുത്തേകാന്‍ സാങ്കേതികവിദ്യയും ധനസഹായവും വിപണന സൗകര്യങ്ങളും ഒരുക്കാനായിരുന്നു തീരുമാനമെങ്കിലും പദ്ധതി ചുവപ്പ് നാടയിൽ പെട്ടു. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ 15,000 കോടിയോളം സംസ്ഥാനത്തിന് വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് ഈരംഗത്തുള്ളവർ പറയുന്നത്.
30 കോടിയോളം ചക്ക ഇവിടെ പ്രതിവര്‍ഷം ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. പൂര്‍ണമായും ആരോഗ്യദായകമായ ജൈവ ഉൽപന്നം എന്ന നിലയില്‍ ചക്കക്ക് വരും കാലത്ത് വലിയ സാധ്യതകളുണ്ട്. ഗൾഫ് വിപണിയിൽ 200 ദിർഹം വരെ വിലയുള്ള ചക്കക്കും ചക്കപ്പഴത്തിനും മറ്റു സംസ്ഥാനങ്ങളിൽ 250 രൂപക്കു മേലെ വില ലഭിക്കുന്നുണ്ട്.
പഴയ തലമുറയുടെ ഇഷ്ട വിഭവമായിരുന്ന ചക്കയോട് പുതുതലമുറക്ക് പ്രീതിയില്ലാത്തതുമാണ് കൃഷിയിടങ്ങളിൽ പ്ലാവുകളിൽ ചക്ക ശേഖരിക്കാതെ നശിക്കാൻ മറ്റൊരു കാരണം. സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനുപിന്നാലെ തുടർ നടപടികൾ ഉണ്ടായെങ്കിൽ മാത്രമേ പദ്ധതി ലക്ഷ്യം കാണൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.