കേളകം: പഴമക്കാർ പറയും ആന കൊടുത്താലും ആശ കൊടുക്കരുതെന്ന്. എന്നാൽ, ആശ കൊടുത്ത് അധികൃതർ നിരാശയുടെ കൊടുമുടി കയറ്റിവിട്ട ഒരു ജനതയുണ്ട് കേളകം പഞ്ചായത്തിലെ ഏഴാം വാർഡിലെ രാമച്ചിയിൽ. ഇല്ലായ്മ എന്തൊക്കെയെന്നറിയണമെങ്കിൽ രാമച്ചിയിലെ ആദിവാസി കോളനിയിലെത്തിയാൽ മതി.
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള, മാവോവാദി ഭീഷണി നേരിടുന്ന രാമച്ചി കോളനിയിൽ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം വർഷങ്ങൾക്ക് മുമ്പ് സന്ദർശനം നടത്തിയിരുന്നു. ജില്ല ഭരണകൂടത്തിന് മുന്നിൽ പരാതികളുടെ കെട്ടഴിച്ചുവിട്ടു കോളനി നിവാസികൾ. കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസം കുടിവെള്ളം, റോഡ് സൗകര്യങ്ങള്‍, ഭൂമി സംബന്ധിച്ചുള്ള വിഷയങ്ങള്‍ എന്നിവയെല്ലാം തന്നെ ചര്‍ച്ചയില്‍ പ്രതിപാദിച്ചിരുന്നു.
തൊഴിലുറപ്പ് പദ്ധതി കൂടാതെ മറ്റ് വരുമാനം ലഭിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും സ്വയം തൊഴില്‍ അഭ്യസിപ്പിക്കാനും പരിപാടിയില്‍ ധാരണയായി. വിദ്യാഭ്യാസം മുടങ്ങിയ കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനായി ഹോസ്റ്റലുകളില്‍ പ്രവേശിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളും യോഗത്തില്‍ തീരുമാനിച്ച് മോഹന വാഗ്ദാനങ്ങൾ നൽകി സംഘം മടങ്ങി.
എന്നാൽ, വല്ലതും നടന്നോ - എന്നാരും തിരക്കരുത്. ആറ് പതിറ്റാണ്ട് പഴക്കമുള്ള വനത്തിലൂടെയുള്ള റോഡ് നിർമിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളെ ചുമതലപെടുത്തിയതായി അധികൃതർ പറഞ്ഞിരുന്നു.
റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ഭക്ഷണ സാധനങ്ങളും മറ്റും കോളനിയില്‍ എത്തിക്കാന്‍ വന്‍ തുക വാഹന കൂലിയായി നല്‍കണം. കോളനിയിലേക്ക് കേളകത്തു നിന്നും ഓട്ടോയെത്താൻ 400 രൂപ കൊടുക്കണം. അടക്കാത്തോട്ടിൽ നിന്നാണെങ്കിൽ 300 രൂപയും.
ശാന്തിഗിരി വഴി വാഹനമെത്തണമെങ്കിൽ രാമച്ചിക്കാർ ഭീമമായ തുക നൽകണം.
എന്നാൽ, കരിയം കാപ്പ് - രാമച്ചി റോഡ് ഗതാഗത യോഗ്യമാക്കിയാൽ രാമച്ചിയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. പക്ഷേ, വർഷങ്ങളായി റോഡുമാത്രം നന്നാവുന്നില്ല. അടക്കാത്തോട് ടൗണിൽ നിന്നും നാലു കിലോമീറ്ററോളം ദൂരം മാത്രമുള്ള കോളനി ഒറ്റപ്പെട്ട നിലയിൽ പുറംലോകവുമായി ബന്ധങ്ങളൊന്നുമില്ലാതെയാണ് കഴിയുന്നത്. മൺറോഡുണ്ടെങ്കിലും കല്ലുകൾ നിറഞ്ഞ വഴിയിൽ കൂടിയുള്ള യാത്ര ദുഷ്കരമാണ്.
യാത്ര സൗകര്യങ്ങളേർപ്പെടുത്തുകയും റോഡ് ടാർ ചെയ്യുകയും ചെയ്താൽ പ്രദേശത്ത് ആളനക്കമുണ്ടാവുകയും മാവോവാദികളുടെ വരവ് ഒരു പരിധി വരെയെങ്കിലും നിലക്കുമെന്നുമാണ് നാട്ടുകാർ പറയുന്നത്.
കരിയം കാപ്പ് വഴി രാമച്ചി റോഡ് ടാർ ചെയ്യുന്നതിനുള്ള പ്രധാന പ്രതിസന്ധി ഇടക്കുള്ള വനമേഖലയാണ്. കൊട്ടിയൂർ വനമേഖലയിലെ റോഡിൽ ടാർ ചെയ്യുന്നതിനുള്ള തടസ്സമാണ് ടാറിങ് നീണ്ടുപോകുന്നതിന് കാരണം. വനം ഒഴിച്ചുള്ള ഭാഗമെങ്കിലും ടാർ ചെയ്തു നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതോടൊപ്പം കോളനിയിൽ കുടിവെള്ളമെത്തിക്കുന്നത് തൊട്ടടുത്ത കാട്ടരുവിയിൽ നിന്നും പൈപ്പിട്ടാണ്.
ഇതാണെങ്കിൽ കാട്ടാനകളും പതിവായി നശിപ്പിക്കും. ഇതിനിടിയിലും അധികൃതർ പറഞ്ഞ മോഹന വാഗ്ദാനങ്ങൾ എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ. വികസനമെത്താത്ത പ്രദേശത്തെ കുടിയേറ്റ കർഷകർ കാലങ്ങൾക്കു മുമ്പേ ഇവിടെ നിന്നും വെളിച്ചമുള്ള പ്രദേശത്തേക്ക് മടങ്ങി.
അവശേഷിച്ച ആദിവാസി കുടുംബങ്ങൾ പട്ടിണിയിലൊട്ടിയ വയറുമായി രോഗബാധിതരും, ദുരിതബാധിതരുമായി കാലം കഴിക്കുന്ന കോളനിയാണിന്ന് രാമച്ചി കോളനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.