കേളകം: ആറളം ഫാമിനെയും പുനരധിവാസ മേഖലയിലെ ആയിരങ്ങളെയും സംരക്ഷിക്കാനുള്ള 22 കോടി രൂപയുടെ ആനമതിൽ പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങി. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ആറളം ഫാമിെൻറയും ആദിവാസി പുനരധിവാസ മേഖലയുടെയും പരിധിയിലേക്കു കടക്കാതിരിക്കാൻ വിഭാവനം ചെയ്ത 22 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയായിട്ട് ഒരു വർഷമായിട്ടും നടപ്പായില്ല. കാട്ടാന ആക്രമണം രൂക്ഷമായതോടെ മന്ത്രി എ.കെ. ബാലനാണ് പദ്ധതി പ്രഖ്യാപിച്ചത്.
10.5 കിലോമീറ്റർ നീളത്തിൽ കോൺക്രീറ്റ് മതിലും മൂന്നു കിലോമീറ്റർ നീളത്തിൽ റെയിൽവേലിയും നിർമിക്കുകയായിരുന്നു ലക്ഷ്യം. 22 കോടിയാണ് ഇതിനായി കണക്കാക്കിയത്. വളയംചാൽ മുതൽ പൊട്ടിച്ചിപ്പാറ വരെയാണ് ആനമതിൽ നിർമിക്കാൻ പദ്ധതിയിട്ടത്. ആദിവാസി പുനരധിവാസ മിഷൻ(ടി.ആർ.ഡി.എം)ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയോടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും കഴിഞ്ഞ കൊല്ലം മാർച്ച് 28ന് ഇതുസംബന്ധിച്ച് വകുപ്പ് മേധാവി ഉത്തരവിറക്കുകയും ചെയ്തു.
പ്രവൃത്തി നടത്താൻ കോഴിക്കോട് ഊരാളുങ്കൽ സൊസൈറ്റിയെയും സമീപിച്ചു. എന്നാൽ, നടപടികൾ ഒച്ചിഴയും വേഗത്തിലും, വനം വകുപ്പും പട്ടികവർഗ ക്ഷേമ വകുപ്പും തമ്മിൽ ആശയപ്പൊരുത്തത്തിെൻറ കുറവും മൂലം ബൃഹത്തായൊരു പദ്ധതി വൈകിയതിന് ഉത്തരവാദി സർക്കാർ മാത്രമെന്ന് ആറളത്തെ ജനങ്ങൾ പറയുന്നു.
നാല് വർഷത്തിനിടെ പത്തുപേർ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട ആറളം ഫാമിൽ ഇനിയും എത്ര പേരുടെ ജീവൻ പൊലിയേണ്ടിവരുമെന്നാണ് ആറളം ജനതയുടെ ആശങ്ക. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും പൊടിപൊടിക്കുമ്പോഴാണ് ആറളം ഫാമിലെ ആയിരങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ആന പ്രതിരോധ മതിൽ പദ്ധതിയോട് സർക്കാറിന് ചിറ്റമ്മനയം.
സംസ്ഥാനത്ത് ഏറ്റവും രൂക്ഷമായി വന്യജീവി ശല്യം നേരിടുന്ന മേഖലയായ ആറളം ഫാമിൽ കഴിഞ്ഞ മൂന്ന് കൊല്ലംകൊണ്ടുണ്ടായ നഷ്ടവും കോടികളാണ്. ആറളം ആനമതിൽ ഇനിയും വൈകിയാൽ ജനജീവിതം കൂടുതൽ ദുരിതത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.