കേളകം: ആറളത്തെ കാട്ടാന തുരത്തൽ യജ്ഞം വനപാലകർക്ക് ജീവൻമരണ പോരാട്ടമാകുന്നു. കനത്ത ചൂടിൽ ആറളം ഫാമിലും പുനരധിവാസ മേഖലയിലും ചുറ്റിത്തിരിയുന്ന കാട്ടാനകളെ ഒച്ചവെച്ചും പടക്കം പൊട്ടിച്ചും തുരത്താൻ ശ്രമിക്കുമ്പോൾ ഇവ വനപാലകരെ അക്രമിക്കാൻ ഓടിയെത്തുന്നത് പതിവ് സംഭവമായി.
കഴിഞ്ഞദിവസം ആന തുരത്താനുള്ള ശ്രമത്തിനിടെ ഫാം സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ മൂന്നുപേർ കാട്ടാനയുടെ പിടിയിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആനകൾക്ക് പിന്നാലെ ഇവർ സഞ്ചരിച്ച വാഹനത്തിനുനേരെ കൊമ്പൻ അക്രമാസക്തമായി തിരിയുകയായിരുന്നു.
കഴിഞ്ഞ 10 വർഷത്തിനിടെ പതിനാലോളം പേർ ആറളത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാനകൾ ആധിപത്യമുറപ്പിച്ച ആറളം ഫാമിനെയും പുനരധിവാസ മേഖലയെയും സംരക്ഷിക്കാൻ കൂടുതൽ സന്നാഹത്തോടെ കാട്ടാന തുരത്തൽ വേണ്ടി വരും. നിലവിൽ നാല് ഘട്ടങ്ങളിലായി മുപ്പതോളം കാട്ടാനകളെ ആറളത്തുനിന്ന് വനത്തിലേക്ക് തുരത്തിയിരുന്നു. ഇനിയും ഇതിലേറെ ബാക്കിയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.
ഫാമിൽ കാട്ടാന അക്രമങ്ങൾ രൂക്ഷമായതോടെയാണ് സബ് കലക്ടർ സന്ദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥ-ജനകീയ കമ്മിറ്റി യോഗതീരുമാനപ്രകാരം ആറളം ഫാമിൽ ആന തുരത്തൽ നാലാംഘട്ടം തുടങ്ങിയത്.
കൊട്ടിയൂർ റേഞ്ചർ സുധീർ നേരോത്ത്, ആറളം ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ഡോ. കെ.പി. നിധീഷ് കുമാർ, വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം. ഷൈനി കുമാർ, ഫോറസ്റ്റർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 അംഗ സംഘമാണു വിവിധ ടീമുകളായി ആന തുരത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.