കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ പ്രസാദമായി കൊണ്ടുപോകാറുള്ള ഓടപ്പൂ ഒരുക്കുന്ന തിരക്കിലാണ് പ്രദേശവാസികള്‍. കൊട്ടിയൂര്‍ ക്ഷേത്രപരിസരത്തുള്ള നൂറുകണക്കിന് ആളുകളുടെ ഒരുവര്‍ഷത്തെ വരുമാനമാര്‍ഗം കൂടിയാണ് ഈ ഓടപ്പൂ. വൈശാഖ മഹോത്സവത്തിനായി കൊട്ടിയൂരില്‍ എത്തുന്ന ഭക്തജനങ്ങള്‍ പ്രസാദമായി കൊണ്ടുപോകാറുള്ളത് ഓടപ്പൂവാണ്.
മൂപ്പ് എത്താത്ത ഓടകള്‍ പ്രത്യേക രീതിയില്‍ ചതച്ച് ചീകി എടുത്താണ് ഓടപ്പൂ തയാറാക്കുന്നത്. വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കൊണ്ട് മറ്റുള്ള ക്ഷേത്രങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ മറ്റൊരു പ്രസാദമാണ് ഓടപ്പൂ. കൊട്ടിയൂർ, വയനാട് വനാതിർത്തികളിൽനിന്നുമാണ് പ്രധാനമായും ഇതിനാവശ്യമായ ഓടകള്‍ എത്തിക്കുന്നത്. ഗുണമേന്മയുള്ള ഓടയുടെ ലഭ്യതക്കുറവും വനത്തില്‍നിന്ന് ഇവ ശേഖരിക്കാനുള്ള ബുദ്ധിമുട്ടും ഓടപ്പൂനിര്മാണത്തെ ഏറെ ബാധിക്കുന്നുണ്ട്. എങ്കിലും, കൊട്ടിയൂരില്‍ എത്തുന്നവർ ദര്ശനസാഫല്യത്തിന്റെ പ്രതീകമായാണ് ഓടപ്പൂവിനെ കണക്കാക്കുന്നത്. 50 രൂപ മുതൽ വലുപ്പമനുസരിച്ച് 150 രൂപ വരെയാണ് ഓടപ്പൂവിന്റെ വിലയെന്ന് കൊട്ടിയൂരിലെ ഓടപ്പൂക്കളുടെ നിർമാതാക്കളിലൊരാളായ സജീവൻ നായർ പറയുന്നു.
പ്രായഭേദമന്യേ കൊട്ടിയൂർ നിവാസികൾ ഓടപ്പൂക്കൾ നിർമിച്ച് കമനീയമാക്കുകയാണ്. കൊച്ചുകുട്ടികൾ മുതൽ വയോധികർവരെ തങ്ങളുടെ കരവിരുതിൽ തൂവെള്ളപ്പൂക്കൾ ഒരുക്കുന്നുണ്ട്. കൊട്ടിയൂർ ക്ഷേത്രപരിസരത്തായി പാതയോരങ്ങളിൽ നൂറുകണക്കിന് സ്റ്റാളുകളിൽ ഓടപ്പൂക്കൾ കൊണ്ട് തൂവെള്ളച്ചാർത്തണിഞ്ഞിരിക്കുകയാണിപ്പോൾ.
കോവിഡിനെ തുടർന്ന് തുടർച്ചയായി രണ്ട് കൊല്ലം കൊട്ടിയൂരിൽ ഓടപ്പൂക്കളുടെ വിൽപന മുടങ്ങിയെങ്കിൽ ഇത്തവണ റെക്കോഡ് ജനപ്രവാഹം ലക്ഷ്യമിട്ടാണ് ഓടപ്പൂക്കളുടെ നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.