കേളകം : ആറളം വനത്തിൽ വനംവകുപ്പ് വാച്ചർമാർക്കുനേരെ മാവോവാദികൾ വെടിയുതിർത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിൽ ചാവച്ചിയിലാണ് വെടിവെപ്പ്. ആർക്കും പരിക്കില്ല. അമ്പലപ്പാറയിലെ ക്യാമ്പ് ഓഫിസിലേക്ക് ഭക്ഷണവുമായി പോയ അടക്കാത്തോട് വാളമുക്ക് സ്വദേശികളായ എബിൻ, സിജോ, ബോബസ് എന്നിവർക്കു നേരെയാണ് വെടിവെച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.20ഓടെയാണ് സംഭവം. രാമച്ചിയിലെ വനംവകുപ്പ് ക്യാമ്പ് ഷെഡിൽനിന്ന് 300 മീറ്റർ കടന്നതോടെയാണ് മാവോവാദി സംഘവും വനം വാച്ചർമാരും നേർക്കുനേരെ എത്തിയത്. സായുധരായ മാവോവാദി സംഘത്തെ കണ്ടതോടെ ഓടിയ വാച്ചർമാർക്കു നേരെയാണ് ഏഴു റൗണ്ട് വെടിയുതിർത്തതെന്ന് ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ് പറഞ്ഞു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. മാവോവാദി സംഘത്തിൽ സ്ത്രീ ഉൾപ്പെടെ അഞ്ചു പേരാണുണ്ടായിരുന്നത്. ഓടുന്നതിനിടെ വീഴ്ചയിൽ വാച്ചർമാർക്ക് നേരിയ പരിക്കേറ്റതായി വനം അധികൃതർ പറഞ്ഞു. ഇവർ തിരികെ വളയഞ്ചാലിലെ ഫോറസ്റ്റ് ഓഫിസിൽ എത്തി വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കണ്ണൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ്, റൂറൽ ജില്ല പൊലീസ് മേധാവി എം. ഹേമലത തുടങ്ങിയ ഉന്നത പൊലീസ് സംഘം വളയഞ്ചാലിലെ ആറളം വനം ഓഫിസിലും കേളകത്തുമെത്തി. വെടിവെപ്പ് നടന്ന സ്ഥലം സന്ദർശിച്ച് തുടരന്വേഷണം നടത്തും. ദിവസങ്ങൾക്കു മുമ്പ് രാമച്ചിയിലെ കണക്കഞ്ചേരി സണ്ണിയുടെ വീട്ടിൽ അഞ്ചംഗ മാവോവാദി സംഘമെത്തിയിരുന്നു. ഈ സംഘമാണ് സമീപ സ്ഥലമായ വനത്തിൽ വനം വാച്ചർമാർക്കുനേരെ വെടിയുതിർത്തതെന്നാണ് പൊലീസ് നിഗമനം. രാമച്ചിയിലും സമീപ പ്രദേശങ്ങളിലും രാപ്പകൽ തണ്ടർബോൾട്ട് സേനയും വനമേഖലയിൽ നിരന്തരം ഹെലികോപ്ടർ നിരീക്ഷണവും നടത്തുന്നതിനിടെയാണ് മാവോവാദികൾ വനപാലകർക്കുനേരെ നിറയൊഴിച്ചത്.
കാനനപാതകളിൽ മാവോവാദികളുടെ വിഹാരം: വഴി തടയാനാവാതെ സേന
പേരാവൂർ: കണ്ണൂരിന്റെ മലയോര ഗ്രാമങ്ങളിലെത്താൻ മാവോവാദികൾ പിന്തുടരുന്നത് അരനൂറ്റാണ്ട് മുമ്പ് നക്സൽ സംഘങ്ങൾ കടന്നുവന്ന വനപാതകൾ. കണ്ണൂർ വനാതിർത്തികളിൽ മാവോവാദികളുടെ വഴിയടക്കാനാവാതെ വിയർക്കുകയാണ് പൊലീസും വനംവകുപ്പും. തിങ്കളാഴ്ച വനപാലകർക്കു നേരെ മാവോവാദിസംഘം വെടിയുതിർത്തത് അരനൂറ്റാണ്ട് പഴക്കമുള്ള നക്സൽ സംഘത്തിന്റെ സഞ്ചാര പാതയിലാണെന്ന് പഴമക്കാർ പറയുന്നു. കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട്, കേളകം പഞ്ചായത്തിലെ രാമച്ചി, ആറളം ഫാം, കോളയാട് പെരുവ, 24-ാം മൈൽ നിടും പൊയിൽ പ്രദേശങ്ങൾ വർഷങ്ങളായി മാവോവാദി സംഘങ്ങളുടെ പതിവ് ഇടത്താവളങ്ങളാണ്.
തിരുനെല്ലി, പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസുകളിൽ പ്രതിയാക്കി ജയിലിലടക്കപ്പെട്ട കെ. അജിത അടക്കമുള്ള സായുധ പോരാളികൾ ഒളിവിൽ താമസിക്കാൻ ഈ വനമേഖലയാണ് ഉപയോഗപ്പെടുത്തിയത്. അജിതയെ പൊലീസ് പിടികൂടുന്നത് കേളകം പഞ്ചായത്തിലെ അടക്കാത്തോട് മേഖലയിൽ നിന്നായിരുന്നു. കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തി പങ്കുവെക്കുന്ന കൊട്ടിയൂരിനും തവിഞ്ഞാലിനും ഇടയിലുള്ള വനമേഖലയാണ് സായുധ വിപ്ലവക്കാരായ നക്സൽ, മാവോവാദികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പ്രദേശം.
ആറളം ഫാം പുനരധിവാസ മേഖലയടക്കം നിരവധി ആദിവാസി കോളനികൾ ഇത്തരം സംഘങ്ങൾക്ക് ഒളിത്താവളമായി എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നു. നിരവധി തവണ സായുധരായ സംഘങ്ങളുടെ സാന്നിധ്യം അറിയിച്ച മേഖല എന്ന നിലയിൽ കനത്ത പൊലീസ് നിരീക്ഷണമുള്ള സ്ഥലത്താണ് പൊലീസിനെ വെല്ലുവിളിക്കുംവിധം ആയുധധാരികളായ സംഘം നിരായുധരായ വനംവകുപ്പ് താൽകാലിക വാച്ചർമാർക്ക് നേരെ ഇന്നലെ വെടിയുതിർത്തത്.
കേളകം പൊലീസ് സ്റ്റേഷന്റെ എട്ട് കിലോമീറ്റർ അകലെ ആറളം ചാവച്ചി വനത്തിൽ മാവോവാദി വെടിവെപ്പ് നടന്നത് അതീവ ഗൗരവത്തോടെ ഉൾക്കൊണ്ട് ശക്കമായ തിരച്ചിൽ നടപടികൾക്കുള്ള ഒരുക്കത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങളും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.