കേളകം: വനംവകുപ്പ് വാച്ചർമാരുടെ ശമ്പളം മാസങ്ങളായി നൽകാത്തതിൽ പ്രതിഷേധിച്ച് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കൊട്ടിയൂർ കണ്ടപ്പുനം വനംവകുപ്പ് ഓഫിസിന് മുന്നിലും ആറളം വന്യജീവി സങ്കേതം വളയഞ്ചാൽ ഓഫിസ് പരിസരത്തും വനംവകുപ്പ് വാച്ചർമാർ ധർണ സംഘടിപ്പിച്ചു. താൽക്കാലിക വാച്ചർമാരുടെ ആറുമാസത്തെ കുടിശ്ശിക വേതനം അടിയന്തരമായി നൽകുക, വാച്ചർമാരുടെ 2022ലെ ഫെസ്റ്റിവൽ അലവൻസ് അനുവദിക്കുക, യൂനിഫോം, റെയിൻ കോട്ട്, ബൂട്ട്, ഐഡന്റിറ്റി കാർഡ് മുതലായവ നൽകുക, ഓരോ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുന്നേ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിലെ വനം വാച്ചർമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്.
ജില്ലയിലെ നൂറോളം വാച്ചർമാർ പണിമുടക്കുന്നതോടെ കൊട്ടിയൂർ, കണ്ണവം, ആറളം വനമേഖലയിലെ നിരീക്ഷണ പ്രവർത്തനം താളം തെറ്റി. പണിമുടക്ക് നോട്ടിസ് നൽകിയ ശേഷം കണ്ണൂർ ഡി.എഫ്.ഒ, ആറളം വന്യജീവി സങ്കേതം വാർഡൻ എന്നിവരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേക്ക് നീങ്ങിയത്. ഇതിന്റെ ഭാഗമായാണ് കൊട്ടിയൂർ കണ്ടപ്പനത്തെ വന്യജീവി സങ്കേത ഓഫീസിനു മുന്നിലും, ആറളം വന്യജീവി സങ്കേതത്തിലും ധർണ സമരം സംഘടിപ്പിച്ചത്. കണ്ടപ്പനത്ത് എ.ഐ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് വി. ഷാജി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് സെക്രട്ടറി കെ.സി. ബിനോയ്, യൂനിറ്റ് പ്രസിഡന്റ് ബാലൻ പുതുശ്ശേരി, സജു മണത്തണ, തോമസ്, റോയ്, തുടങ്ങിയവർ പങ്കെടുത്തു. ആറളം വളയഞ്ചാലിൽ കെ.ബി. ഉത്തമൻ ഉദ്ഘാടനം ചെയ്തു. എം.ജി. മജുംദാർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.