കേളകം: കരുതൽ മേഖല സംബന്ധിച്ച മാപ്പ് സർക്കാർ പുതുക്കിയിട്ടും ആശങ്കക്ക് അറുതിയില്ലാതെ ആയിരങ്ങൾ. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും കരുതൽ മേഖല (ബഫർ സോൺ) നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻറ് സെന്റർ (കെ.എസ്.ആർ.ഇ.സി) ഉപഗ്രഹ ചിത്രങ്ങളിലൂടെ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഉടലെടുത്ത കർഷകരുടെ ആശങ്കകൾക്ക് അറുതിയായില്ല.
വനം വന്യജീവി വകുപ്പ് കേന്ദ്രസർക്കാറിൽ സമർപ്പിച്ചിട്ടുള്ള വിവിധ സംരക്ഷിത പ്രദേശങ്ങളുടെ ഇക്കോ സെൻസിറ്റിവ് സോൺ മാപ്പുകൾ വീണ്ടും പ്രസിദ്ധീകരിച്ചെങ്കിലും ഇത് സുപ്രീംകോടതി മുമ്പ് നിരാകരിച്ച മാപ്പാണെന്ന നിലപാടിലാണ് കർഷക സംഘടനകൾ.
കേളകം, കൊട്ടിയൂർ, ആറളം പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നുവെന്നാണ് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെൻറ് സെന്റർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട്. സംരക്ഷിത വനപ്രദേശങ്ങൾക്കു ചുറ്റുമുള്ള ഒരു കിലോമീറ്ററാണ് കരുതൽ മേഖലയായി കണക്കാക്കുന്നത്. ഈ പഞ്ചായത്തുകളിലെ മുഴുവൻ പ്രദേശങ്ങളും കരുതൽ മേഖല പരിധിയിൽ വരില്ല.
കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളുടെ ഭൂപടത്തിനൊപ്പമുള്ള പട്ടിക മുമ്പ് പ്രസിദ്ധപ്പെടുത്തിയപ്പോൾ അവ്യക്തമായിരുന്നതിനാൽ കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ജനം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർവേ പ്ലോട്ടുകളുടെ പട്ടികയില്ലാത്ത മാപ്പിൽ ഏതൊക്കെ ഭാഗങ്ങളാണ് കരുതൽ മേഖലയിൽ ഉൾപ്പെടുന്നതെന്ന് വ്യക്തമായിരുന്നില്ല.
ആറളം വന്യജീവി സങ്കേതം അതിരിലെ ഒരുകിലോമീറ്റർ ചുറ്റളവിൽ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയാണ്. 3,500 പട്ടികവർഗ കുടുംബങ്ങൾക്ക് ഒരേക്കർ വീതം പതിച്ചുനൽകിയ പ്രദേശമാണിത്. ഈ മേഖല കരുതൽ മേഖലയാക്കിയതും ആശങ്ക വർധിപ്പിച്ചു.
കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള കരുതൽ മേഖലയിൽ ജനവാസ മേഖലകളായ കേളകം, കൊട്ടിയൂർ, ആറളം പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുന്നുവെന്നാണ് സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട്.
കൊട്ടിയൂർ പഞ്ചായത്തിലെ ആയിരക്കണക്കിന് വീടുകൾ, പട്ടികവർഗ കോളനികൾ, സ്കൂളുകൾ, ടൗണുകൾ, ആരാധനാലയങ്ങൾ എന്നിവ ഭാഗമായാണ് കരുതൽ മേഖലയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്.
കരുതൽ മേഖല വിഷയത്തില്‍ സീറോ പോയന്റെന്ന നിലപാടില്‍ തന്നെയാണ് കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തെന്നും പ്രാഥമിക റിപ്പോര്‍ട്ട് സംബന്ധിച്ച് വലിയ ആശങ്കയിലാണ് ജനങ്ങളെന്നും പുറത്തുവന്ന റിപ്പോര്‍ട്ട് കൊട്ടിയൂര്‍ പഞ്ചായത്ത് അംഗീകരിക്കില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം പറഞ്ഞു. ഇതേ നിലപാടാണ് സമീപ പഞ്ചായത്തുകളായ കേളകവും ആറളവും മുന്നോട്ടുവെക്കുന്നത്.
കരുതൽ മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ അപ്ലോഡ് ചെയ്തിരിക്കുന്ന മാപ്പുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കേരള ഇൻഡിപെൻഡൻറ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) അറിയിച്ചു.
കേളകം പഞ്ചായത്തിന്റെ 1, 2, 3, 4, 5, 6, 7, 8 വാർഡുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ആറളം വന്യമൃഗ സങ്കേതത്തിന്റെ കരുതൽ മേഖല പരിധിയിൽവരും. പഞ്ചായത്തിന്റെ പകുതിയോളം പ്രദേശങ്ങളും കരുതൽ മേഖലയായി മാറും.
ആയിരത്തിലധികം വീടുകളും, ഒമ്പത് പട്ടികവർഗ കോളനികളും നാല് സ്കൂളുകളും 12 അംഗൻവാടികളും ഗ്രാമപഞ്ചായത്തിന്റെ ആയുർവേദ, വെറ്ററിനറി ഡിസ്പെൻസറികളും രണ്ട് അമ്പലങ്ങളും, ഏഴ് ക്രിസ്ത്യൻ പള്ളികളും മൂന്ന് മുസ്ലിം പള്ളികളും നൂറോളം കടകളും ഉൾപ്പെടെ കരുതൽ മേഖല പരിധിയിൽവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.