കേളകം: റബർ കർഷകർക്ക് വില സ്ഥിരതപദ്ധതി പ്രകാരമുള്ള സബ്സിഡി നൽകാൻ ബജറ്റിൽ 600 കോടി അനുവദിച്ചതിലുള്ള ആശ്വാസത്തിലാണ് റബർ കർഷകർ. കഴിഞ്ഞ ബജറ്റിൽ 500 കോടി വകയിരുത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ ഒരു വർഷമായി കർഷകരുടെ റബർ സബ്സിഡി മുടങ്ങിയിരിക്കുകയാണ്.
എന്നാൽ താങ്ങുവില ഉയർത്തണമെന്ന് ആവശ്യം പല തവണ ചർച്ചയായെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. നിലവിലെ 170 രൂപയിൽ നിന്ന് താങ്ങുവില 200 രൂപയെങ്കിലും ആക്കി ബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു കർഷക പ്രതീക്ഷ. അതിന് പകരം പദ്ധതിക്കായി സർക്കാർ 600 കോടി വകയിരുത്തുകയായിരുന്നു.
എന്നാൽ റബർ കൃഷിയുടെ നഷ്ടം നികത്താൻ കൂടുതൽ ആനുകൂല്യങ്ങൾ വേണമെന്ന നിലപാടിലാണ് കർഷകർ. താങ്ങുവില ഉയർത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. 2015 ജൂലൈയിലാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ വിലസ്ഥിരത ഫണ്ട് എന്നപേരിൽ റബർ കർഷകർക്ക് സബ്സിഡി തുടങ്ങിയത്.
കമ്പോളവിലയും താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കർഷകന്റെ ബാങ്ക് അക്കൗണ്ട് മുഖേന നൽകുകയായിരുന്നു പദ്ധതി. റബർ ബോർഡിന്റെ സഹകരണത്തോടെ റബർ ഉൽപാദക സംഘങ്ങളെ ഉൾപ്പെടുത്തിയിരുന്ന പദ്ധതിയിൽ നാലു ലക്ഷം പേർ തുടക്കത്തിലുണ്ടായിരുന്നു.
ഇപ്പോൾ അംഗങ്ങൾ ഇരുപത് ലക്ഷത്തിലധികമായി. നിലവിൽ ഒരു വർഷത്തെ കുടിശ്ശികയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ സീസണിൽ റബർ വിലയിൽ മുന്നേറ്റമുണ്ടായതോടെ പദ്ധതി പ്രകാരം ബില്ലുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു.
നിലവിൽ റബർ കൃഷി നഷ്ടത്തിലായതിനാൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ ഏറെയാണ്. തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. റബറിന് 250 രൂപയെങ്കിലും ലഭിച്ചില്ലെങ്കിൽ മറ്റ് കൃഷികളെ ആശ്രയിക്കേണ്ടി വരുമെന്ന അവസ്ഥയാണെന്ന് റബർ കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.