കേളകം: ആറളം ഫാം മേഖലയിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ കണ്ടെത്തുന്നതിനായി വനം വകുപ്പിന്റെയും പൊലീസിന്റേയും നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. ഫാമിലെ ബ്ലോക്ക് ഒന്നിലും രണ്ടിലും പുനരധിവാസ മേഖലയിലും ആൾതാമസമില്ലാത്ത പ്രദേശങ്ങളിലും വനമേഖലയിലുമാണ് പരിശോധന നടത്തിയത്.
ഫാം മേഖലയിൽ നായാട്ട് സംഘങ്ങൾ എത്തുന്നതായും അപായപ്പെടുത്തുന്ന വിവിധതരത്തിലുള്ള സ്ഫോടക വസ്തുക്കളും മറ്റും ഇവർ ഉപയോഗിക്കുന്നതായും പൊലീസിനും വനംവകുപ്പിനും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡ്രോൺ സഹായത്തോടെ ബോംബ് ഡിറ്റക്ടീവ് ആൻഡ് ഡിസ്പോസൽ സ്ക്വാഡ്, കണ്ണൂർ വനം ഡിവിഷൻ, ആറളം വന്യജീവി സങ്കേതം ഫ്ലൈയിങ് സ്ക്വാഡ്, ദുരന്തനിവാരണ പ്രതിരോധ സേന, റൂറൽ പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള വനപാലക, പൊലീസ് സംഘങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്.
കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമൻ, ആറളം, കൊട്ടിയൂർ, തളിപ്പറമ്പ്, കണ്ണൂർ ഫ്ലൈയിങ് സ്ക്വാഡ് റേഞ്ചർമാരായ സുധീർ നേരോത്ത്, വി. രതീശൻ, പി. പ്രസാദ്, കെ. വി. ജയപ്രകാശ്, മുഴക്കുന്ന് സിഐ സന്തോഷ് കുമാർ, ഇരിട്ടി ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിൽ എന്നിവർ നേതൃത്വം നൽകി.
പേരാവൂർ: ആറളം ഫാമിൽ വന്യജീവികളെ വേട്ടയാടുന്ന സംഘങ്ങൾ വിഹരിക്കുന്നു. കാട്ടുപന്നി, വിവിധയിനം മാനുകൾ, മറ്റു വന്യ ജീവികൾ എന്നിവയെ വേട്ടയാടി വിൽപന നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ സ്പോടക വസ്തു ഉപയോഗിച്ച് ഉപദ്രവിക്കുന്നതായും മുമ്പ് വനം വകുപ്പ് കണ്ടെത്തിയിരുന്നു.
ഫാമിനുള്ളിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി കാട്ടാനകൾ ചെരിഞ്ഞതോടെയാണ് സംശയം ബലപ്പെട്ടത്. ആറളം ഫാം മേഖലയിൽ നായാട്ട് സംഘങ്ങൾ എത്തുന്നതായും മൃഗങ്ങളെ അപായപ്പെടുത്തുന്നതിന് സ്ഫോടക വസ്തുക്കളും മറ്റും ഉപയോഗിക്കുന്നതായുള്ള വിവരം വനം വകുപ്പിനും പൊലീസിനും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്, കണ്ണൂർ റൂറൽ എസ്.പി ഹേമലത എന്നിവരുടെ നേതൃത്വത്തിൽ ഫാമിൽ കാടടച്ച പരിശോധന നടത്തിയത്. മുമ്പ് വേട്ടക്കാർ വനപാലകർക്ക് നേരെ തിരിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.