കേളകം: കരിയം കാപ്പിൻ ബുധനാഴ്ച വൈകീട്ട് അഞ്ചിടങ്ങളിൽ വനം വകുപ്പ് ദൗത്യ സംഘവും, നാട്ടുകാരും കടുവയെ നേരിൽ കണ്ടു. യക്ഷിക്കോട്ടയിൽ മൂന്നിടങ്ങളിലും, കരിയം കാപ്പ് ജനവാസ കേന്ദ്രത്തിലെ രണ്ടിടങ്ങളിലുമാണ് കടുവ നാട്ടുകാരുടെ കൺമുന്നിലൂടെ മറഞ്ഞത്. യക്ഷിക്കോട്ടയിൽ ഗൺ പോയന്റിൽ നിന്നും വനപാലകർക്ക് നേരെ കുതിച്ച കടുവയെ വിരട്ടാൻ വനപാലകർ രണ്ടു തവണ നിറയൊഴിച്ചു.
വൈകീട്ട് നാലര യോടെ യക്ഷിക്കോട്ടയിലെ വെട്ടത്ത് ജോണിയാണ് മലഞ്ചെരുവിൽ നിന്നും പൈപ്പിലൂടെ ജലം ശേഖരിക്കാൻ പോയപ്പോൾ കടുവയെ കണ്ട് വനപാലകരെ അറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവയെ നേരിൽ കണ്ട വനപാലകർ മയക്ക് വെടി വിദഗ് ധരുടെ നേതൃത്യത്തിൽ കടുവയെ കുടുക്കാനുള്ള ശ്രമത്തിനിടെ സംഘത്തിന് നേരെ ചീറിച്ചാടിയ കടുവക്ക് നേരെ രണ്ടു തവണ വെടിയുതിർത്തതോടെ കടുവ താഴ്വാരത്തേക്ക് വിരണ്ടോടി.
തുടർന്ന് 200 മീറ്റർ മലഞ്ചെരുവിൽ താഴ്ഭാഗത്തായി കരിനാട്ട് സണ്ണിയുടെ മകളാണ് കടുവ വീടിന് മുന്നിലൂടെ പോകുന്നത് കണ്ട് ഭയന്നത്. ഈ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെ കരിയം കാപ്പ് ജനവാസ കേന്ദത്തിൽ വളഞ്ഞ് പാറ സണ്ണിയുടെ വീടിന് മുൻവശത്തുകൂടി കടന്ന കടുവ തോട്ട് ചാലിലൂടെ മലയുടെ മേൽ ഭാഗത്തേക്ക് പോയി. തുടർന്ന് തിരച്ചിലിൽ കടുവയെ കണ്ടെത്തിയെങ്കിലും ഇരുളായതോടെ ഇരുട്ടിലേക്ക് മറഞ്ഞു. വെളിച്ചമില്ലാതായതോടെ
ദൗത്യം നിർത്തിവെച്ച് വനപാലക സംഘം മടങ്ങി. കൂടുതൽ സന്നാഹത്തോടെ വ്യാഴാഴ്ചയും തിരച്ചിൽ തുടരുമെന്ന് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നെരോത്ത് അറിയിച്ചു.
കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്തിന്റെ നേതൃത്യത്തിൽ റാപ്പിഡ് റസ്പോൺസ ടീം ഉൾപ്പെടെ നൂറിലധികം വനപാലകരാണ് തിരച്ചിൽ നടത്തിയത്.
കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പഞ്ചായത്തംഗങ്ങളായ സജീവൻ പാലുമ്മി, ഷാന്റി സജി, മനോഹരൻ മരാടി, ടോമി പുളിക്കക്കണ്ടം എന്നിവരും തിരച്ചിൽ സംഘത്തിന് സഹായവുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.