സെപ്റ്റംബർ അവസാനം ഫാം ഒമ്പതാം ബ്ലോക്കിലെ വാസുവെന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ വനം വകുപ്പിനും സർക്കാറിനുമെതിരെ ആറളം ഫാമിൽ കനത്ത പ്രതിഷേധം ഉണ്ടായിരുന്നു.
കേളകം: ആറളം ഫാമിൽ കാട്ടാനകൾ എട്ട് വർഷത്തിനകം ചവിട്ടിയരച്ചത് 14 ജീവനുകൾ. ഒടുവിലായി ആറളത്ത് കാട്ടാനക്കൊമ്പിൽ പൊലിഞ്ഞത് ഫാം ബ്ലോക്ക് പത്തിലെ രഘുവിന്റെ (43) ജീവൻ. സുഹൃത്തിനോടൊപ്പം വിറക് ശേഖരിക്കാനായി പുറപ്പെട്ട രഘുവിനെ വീടിന്റെ വിളിപ്പാടകലെയാണ് കാട്ടാന വകവരുത്തിയത്. സെപ്റ്റംബർ അവസാനം ഫാം ഒമ്പതാം ബ്ലോക്കിലെ വാസുവെന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടപ്പോൾ വനം വകുപ്പിനും സർക്കാറിനുമെതിരെ ആറളം ഫാമിൽ കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 14ന് ഫാം ഏഴാം ബ്ലോക്കിലെ താമസക്കാരനായ പുതുശേരി ദാമുവും (46) ആനയുടെ ചവിട്ടേറ്റാണ് മരിച്ചത്.
വിറക് ശേഖരിക്കുന്നതിനിടയിൽ പിന്നിൽ നിന്ന് എത്തിയ ആന തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം തലക്ക് ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനെക്കാൾ ഏറെ ആനകൾ അധിവസിക്കുന്ന ഇടമായി ഈ വർഷങ്ങൾക്കിടയിൽ ആറളം ഫാം മാറി. കൃത്യമായ കണക്കില്ലെങ്കിലും എഴുപതോളം ആനകൾ ഫാമിന്റെ അധീന മേഖലയിലും ആദിവാസി പുനരധിവാസ മേഖലയിലും ഉണ്ടെന്നാണ് ഇവിടെയുളളവർ പറയുന്നത്. വർഷം കഴിയുന്തോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടി വരുന്നതായാണ് കാണുന്നത്.
ഇവിടങ്ങളിൽ നിന്നും ആറളം, മുഴക്കുന്ന്, പേരാവൂർ, ഇരിട്ടി പഞ്ചായത്തുകളിലും കാട്ടാന എത്തുന്നത് നിത്യ സംഭവമായി മാറി. എന്നാൽ, 3,500 ആദിവാസികളെ ആറളം ഫാമിൽ പുനരധിവസിപ്പിച്ചതല്ലാതെ അവർക്ക് വന്യജീവികളിൽ നിന്നും സുരക്ഷയൊരുക്കാൻ സർക്കാറുകൾക്കായില്ല. 2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി സ്ത്രീയായ മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്.
തുടർന്ന് 2015 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്ത്തി. ഫാമിൽ ഏറ്റവും കൂടുതൽ പേർ കാട്ടാന ആക്രമണത്തിൽ മരിക്കുന്നത് 2017ലാണ്. അഞ്ച് പേരെയാണ് കാട്ടാന ആ വർഷം ആക്രമിച്ച് കൊല്ലുന്നത്. ജനുവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വെച്ച് റജി എന്നിവരും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.