കേളകം: ആറളം ഫാം ഉൾപ്പെടെ ആദിവാസി പുനരധിവാസ മേഖലകളിലെ അതിജീവന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടി ആദിവാസി-ദലിത് സംഘടന നേതാക്കൾ ചീഫ് സെക്രട്ടറിക്ക് മുമ്പിൽ പരാതികളുടെ പട്ടിക നിരത്തി. മുഖ്യമായും ആറളം ഫാമിലെ വാഗ്ദാന ലംഘനങ്ങളുടെ കഥയാണ് ഇവർക്ക് പറയാനുണ്ടായിരുന്നത്.
ഏക്ത പരിഷത്ത് സ്ഥാപകൻ ഡോ. പി.വി. രാജഗോപാലിന്റെ നേതൃത്യത്തിൽ അരിപ്പ-ചെങ്ങറ-ആറളം ഫാം ഭൂ സമരങ്ങളെ പ്രതിനിധീകരിച്ച് ശ്രീരാമൻ കൊയ്യോൻ, തോട്ടപ്പള്ളി കരിമണൽ വിരുദ്ധ സമര സമിതി ചെയർമാൻ സുരേഷ്, ഡോ. സജിത, പി.വൈ. അനിൽ തുടങ്ങിയവർ ചീഫ് സെക്രട്ടറി ഡോ. വി. വേണുവുമായി ചർച്ചനടത്തിയ സംഘത്തിലുണ്ടായിരുന്നു.
ആറളം ഫാമിൽ ആദിവാസി കുടുംബങ്ങൾ കാട്ടാന ശല്യത്തിൽ ജീവ ഭയത്തിലാണ്. നാളിതുവരെ 14 ആദിവാസികളുടെ ജീവനുകളാണ് പൊലിഞ്ഞത്. ആയിരത്തിലേറെ കുടുംബങ്ങളാണ് ഫാം വിട്ടൊഴിയാൻ നിർബന്ധിതമായത്. ആദിവാസി പുനരധിവാസത്തിന് 42 കോടി ടി.എസ്.പി ഫണ്ട് നൽകി ഏറ്റെടുക്കുമ്പോൾ ഫാമിലെ മുഴുവൻ ലാഭവും ആദിവാസി പുനരധിവാസത്തിന് ചെലവഴിക്കുമെന്നും തൊഴിലവസരങ്ങൾ ആദിവാസികൾക്കായി മാറ്റിവെക്കുമെന്നുമായിരുന്നു ധാരണ.
എന്നാൽ ആദിവാസി കുടുംബങ്ങളിൽ ഉന്നത ബിരുദം നേടിയ അഭ്യസ്തവിദ്യർ ധാരാളം ഉണ്ടെന്നിരിക്കെ ഫാമിലെ ക്ലറിക്കൽ തസ്തിക മുതൽ മുകളിലുള്ള ഒഴിവുകളിൽ ആദിവാസികൾ അല്ലാത്തവരെയാണ് നിയമിക്കുന്നത്ത്.
ആറളം ഫാം ആദിവാസി സ്വയം ഭരണ മേഖലയായി പ്രഖ്യാപിക്കാൻ സാധിക്കുന്ന സാഹചര്യമുണ്ടെന്നിരിക്കെ സർക്കാർ ചില പ്രാഥമിക ആലോചനകൾ നടത്തിയെന്നൊഴിച്ചാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല. ആറളം ഫാമിലെ തൊഴിലാളികൾക്ക് ഒമ്പത് മാസമായി ശമ്പളമില്ല തുടങ്ങിയ വിഷയങ്ങൾ നേതാക്കൾ ചീഫ് സി ക്രട്ടറി യെ ധരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.